മണ്ഡ്യ ശ്രീരംഗപട്ടണയിലെ അരകെരെ ഗ്രാമത്തിലെ സർക്കാർ പ്രസവാശുപത്രി സ്വകാര്യ പരിപാടിക്കായി ദുരുപയോഗം ചെയ്തതായി ആരോപണം. എംഎൽഎ രമേശ് ബണ്ഡിസിദ്ധേഗൗഡയുടെ അമ്മയുടെ ജന്മദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട കലാപരിപാടിയിൽ പങ്കെടുത്ത കലാകാരന്മാർക്ക് ആശുപത്രിക്കുള്ളിൽ താമസസൗകര്യം ഒരുക്കിയെന്നാണ് പ്രദേശവാസികളുടെ ആരോപണം.
ആശുപത്രി കെട്ടിടത്തിനുള്ളിൽ നാടക കലാകാരന്മാർക്ക് താമസിക്കാനും പരിപാടിക്ക് മുന്നോടിയായി മേക്കപ്പ് ചെയ്യാനും സൗകര്യം നൽകിയെന്നാണ് ആരോപണം. ഇതിനിടെ വനിതാ കലാകാരി ആശുപത്രിക്കുള്ളിൽ ചിത്രീകരിച്ച റീൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
സർക്കാർ ആശുപത്രി സ്വകാര്യ ആഘോഷത്തിനായി ഉപയോഗിച്ചത് അധികാരദുരുപയോഗമാണെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി. ആശുപത്രി ഉപയോഗിക്കാൻ അനുമതി നൽകിയത് ആരാണെന്നും ഇതുമൂലം രോഗികളുടെ ചികിത്സാ സേവനങ്ങളെ ബാധിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് തേടുമെന്ന് കർണാടക ആരോഗ്യമന്ത്രി യു.ടി. ഖാദർ വ്യക്തമാക്കി. ആശുപത്രിക്കുള്ളിൽ റീൽ ചിത്രീകരിച്ചതും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, എംഎൽഎ രമേശ് ബണ്ഡിസിദ്ധേഗൗഡയും കുടുംബവും മണ്ഡലത്തിൽനിന്ന് ഏഴ് തവണ വിജയിച്ചവരാണെന്നും ആരോഗ്യരംഗത്ത് ജനങ്ങൾക്ക് നിരവധി സഹായങ്ങൾ നൽകിയ കുടുംബമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അതിനാൽ ഒരു റീലിൻ്റെ മാത്രം അടിസ്ഥാനത്തിൽ വിഷയം വലുതാക്കി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ ഒരു മുറി മാത്രമാണ് ഉപയോഗിച്ചതെന്നും, ചിലപ്പോൾ ഒഴിഞ്ഞുകിടന്ന മുറിയായിരിക്കാമെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ ആശുപത്രിയിലെ യഥാർഥ സാഹചര്യം പരിശോധിച്ചശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.