ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള കർണാടക ആർ.ടി.സി.യുടെ ഓണം സ്പെഷ്യൽ ബസ് സർവീസുകൾക്ക് ഇന്ന് തുടക്കമാകും. ആദ്യദിവസം കണ്ണൂർ, പാലക്കാട്, തൃശ്ശൂർ, എറണാകുളം എന്നിവിടങ്ങളിലേക്ക് ആകെ എട്ട് പ്രത്യേക ബസുകളാണ് സർവീസ് നടത്തുന്നത്.

തൃശ്ശൂരിലേക്ക് ഒരു നോൺ എ.സി. സ്ലീപ്പറും രണ്ട് ഐരാവത് ക്ലബ് ക്ലാസ് ബസുകളും സർവീസ് നടത്തും. എറണാകുളത്തേക്കും ഒരു നോൺ എ.സി. സ്ലീപ്പറും രണ്ട് ഐരാവത് ക്ലബ് ക്ലാസ് ബസുകളുമാണ് അനുവദിച്ചിരിക്കുന്നത്. പാലക്കാട്ടേക്ക് നോൺ എ.സി. സ്ലീപ്പറിന് പുറമെ ഒരു ഐരാവത് ക്ലബ് ക്ലാസ് ബസും ഉണ്ടാകും. കണ്ണൂരിലേക്ക് ഒരു നോൺ എ.സി. സ്ലീപ്പർ ബസാണ് സർവീസ് നടത്തുക.

വെള്ളിയാഴ്ച കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലേക്ക് 52 ബസുകൾ സർവീസ് നടത്താൻ ക്രമീകരണം പൂർത്തിയാക്കിയിട്ടുണ്ട്. ശനിയാഴ്ച 15 ബസുകളുടെ സർവീസുകളും നിശ്ചയിച്ചിട്ടുണ്ട്. തുടർന്നുള്ള ദിവസങ്ങളിലെ പ്രത്യേക സർവീസുകളുടെ പട്ടിക പിന്നീട് പ്രസിദ്ധീകരിക്കും.

കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, എറണാകുളം, കോട്ടയം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്കായിരിക്കും സർവീസുകൾ. ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും സെപ്റ്റംബർ ഒന്നുവരെ പ്രത്യേക സർവീസുകൾ നടത്താനാണ് കർണാടക ആർ.ടി.സി.യുടെ തീരുമാനം.

സാധാരണ സർവീസുകൾക്ക് പുറമെ ഓണം സ്പെഷ്യൽ സർവീസുകൾ കൂടി ഉൾപ്പെടുത്തി ആകെ 166 ബസുകൾ ഓണക്കാലത്ത് ബെംഗളൂരുവിനും കേരളത്തിനുമിടയിൽ സർവീസ് നടത്തും. ഓണാവധിക്കാലത്തെ യാത്രാ തിരക്ക് കുറയ്ക്കുന്നതിനും കേരളത്തിലേക്ക് യാത്ര ചെയ്യുന്ന മലയാളികൾക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിനുമാണ് അധിക സർവീസുകൾ ഏർപ്പെടുത്തിയിരിക്കുന്നത്.

Related Posts