കർണാടകയിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി.) അറിയിച്ചു. ഓഗസ്റ്റ് 22വരെ സംസ്ഥാനത്തെ 15ലേറെ ജില്ലകളിൽ വിവിധ ഘട്ടങ്ങളിലായി മഴ ലഭിക്കുമെന്നാണ് പ്രവചനം.
തീരദേശ കർണാടകയിൽ ഓഗസ്റ്റ് 22 വരെ ഭൂരിഭാഗം പ്രദേശങ്ങളിലും മിതമായ മഴ തുടരാൻ സാധ്യതയുണ്ട്. ഉത്തര ഉൾനാടൻ, മലനാട്, ദക്ഷിണ ഉൾനാടൻ മേഖലകളിലും വരും ദിവസങ്ങളിൽ മഴ ലഭിക്കും. ഓഗസ്റ്റ് 17 മുതൽ ഹാവേരി, ബെലഗാവി, ധാർവാഡ്, കൊപ്പൽ, ഗദഗ് ജില്ലകളിൽ ശക്തമായ കാറ്റിനൊപ്പം നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. വിജയപുര, കലബുറഗി, ബാഗൽകോട്ട്, ബീദർ, റായ്ച്ചൂർ, യാദ്ഗിർ ജില്ലകളിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
ഓഗസ്റ്റ് 19 മുതൽ 22 വരെ വടക്കൻ കർണാടകയിൽ മഴ കൂടുതൽ ശക്തമാകാനാണ് സാധ്യത. ബാഗൽകോട്ടിൽ ചിലയിടങ്ങളിൽ മിതമായ മഴയും മറ്റു വടക്കൻ ജില്ലകളിൽ കാറ്റോടുകൂടിയ മഴയും പ്രതീക്ഷിക്കുന്നു. അതേസമയം, ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, ചാമരാജനഗർ, ചിക്കബെല്ലാപൂർ, ചിക്കമഗളൂരു, ചിത്രദുർഗ, ദാവണഗരെ, ഹാസൻ, കുടക്, കോലാർ, മാണ്ഡ്യ, മൈസൂരു, ശിവമോഗ, തുമകൂരു, വിജയനഗര തുടങ്ങിയ ദക്ഷിണ-മധ്യ കർണാടക ജില്ലകളിലും ഓഗസ്റ്റ് 22 വരെ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ള സാഹചര്യത്തിൽ യാത്രക്കാർക്കും പ്രദേശവാസികൾക്കും ജാഗ്രത പാലിക്കാനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും അധികൃതർ നിർദേശം നൽകി.