ഓണാവധിയിലെ യാത്രാത്തിരക്ക് പരിഗണിച്ച് കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 150 പ്രത്യേക കർണാടക ആർടിസി ബസ് സർവീസുകൾ നടത്താൻ ഉത്തരവായി. കർണാടക ഗതാഗത മന്ത്രി ബി.എസ്. ബൈരതി സുരേഷാണ് ഇതുസംബന്ധിച്ച് നിർദേശം നൽകിയത്.

സർവീസുകളുടെ എണ്ണം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ.സി. വേണുഗോപാൽ എം.പി നൽകിയ നിർദേശം പരിഗണിച്ചാണ് തീരുമാനം. ട്രെയിനുകളിൽ ടിക്കറ്റ് ലഭിക്കാത്തതും സ്വകാര്യ ബസുകൾ അമിത നിരക്ക് ഈടാക്കുന്നതും യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് അധിക സർവീസുകൾ അനുവദിച്ചത്. നേരത്തെ 60 പ്രത്യേക ബസ് സർവീസുകളായിരുന്നു പ്രഖ്യാപിച്ചിരുന്നത്.

ബെംഗളൂരുവിൽ നിന്ന് കേരളത്തിലെ കോഴിക്കോട്, കോട്ടയം, പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കാസർകോട് തുടങ്ങിയ പ്രധാന ജില്ലകളിലേക്കാണ് പ്രത്യേക സർവീസുകൾ നടത്തുക.

ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് പോകുന്ന യാത്രക്കാർക്കായി ഓഗസ്റ്റ് 21 മുതൽ 25 വരെ കർണാടകയിൽ നിന്ന് കേരളത്തിലേക്കുള്ള പ്രത്യേക സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. ഓണാവധിക്ക് ശേഷം കേരളത്തിൽ നിന്ന് കർണാടകയിലേക്ക് മടങ്ങുന്ന യാത്രക്കാർക്കായി ഓഗസ്റ്റ് 27 മുതൽ 30 വരെ മടക്ക സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്.

ഓണക്കാലത്തെ യാത്രാത്തിരക്ക് കുറയ്ക്കുന്നതിനും കേരളത്തിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനും പ്രത്യേക സർവീസുകൾ സഹായകരമാകുമെന്നാണ് പ്രതീക്ഷ.

Related Posts