ബെംഗളൂരുവിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ആക്രമിച്ച് 25 ഗ്രാം സ്വർണമാല കവർന്നു. ബുധനാഴ്ച പുലർച്ചെയാണ് ദൊഡ്ഡബിദരക്കല്ലു മേഖലയിൽ സംഭവം നടന്നത്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
ദൊഡ്ഡബിദരക്കല്ലു മേഖലയിൽ പാൽക്കട നടത്തുന്ന വിജയമ്മ കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പുലർച്ചെ അഞ്ച് മണിയോടെ ബൈക്കിലെത്തിയ പ്രതികൾ അപ്രതീക്ഷിതമായി യുവതിയെ ആക്രമിച്ച് കഴുത്തിലെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു.
ആക്രമണത്തിൽ വിജയമ്മ നിലത്തുവീണു. തുടർന്ന് സഹായത്തിനായി നിലവിളിച്ചെങ്കിലും പ്രതികൾ സ്വർണമാലയുമായി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിയാനും പിടികൂടാനുമുള്ള ശ്രമത്തിലാണ് പൊലീസ്.