ബെംഗളൂരുവിലെ രാമമൂർത്തി നഗറിലെ എൻആർഐ ലേഔട്ടിലുള്ള ഇലക്ട്രിക് സ്കൂട്ടർ പാർക്കിങ് യാർഡിൽ വൻ തീപിടിത്തം. അപകടത്തിൽ 300ലേറെ ഇലക്ട്രിക് സ്കൂട്ടറുകൾ പൂർണമായും കത്തിനശിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ചൊവ്വാഴ്ച രാത്രി 8.30ഓടെയാണ് യാർഡിൽ നിന്ന് തീ ഉയരുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. സമീപത്ത് കൂട്ടത്തോടെ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്ക് തീ അതിവേഗം പടരുകയായിരുന്നു. ഏകദേശം നാലര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിശമന സേന തീയണച്ചത്.

ഓൺലൈൻ ഭക്ഷണ വിതരണ ജീവനക്കാർക്ക് ദിവസവാടകയ്ക്ക് നൽകുന്ന 500ലേറെ സ്കൂട്ടറുകൾ ഇവിടെ പാർക്ക് ചെയ്തിരുന്നതായാണ് വിവരം. കത്തിനശിച്ച വാഹനങ്ങളിൽ ഭൂരിഭാഗവും നിലവിൽ ഉപയോഗത്തിലില്ലാത്തവയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

സ്കൂട്ടറുകളിലൊന്നിലെ ബാറ്ററി ചോർച്ചയെ തുടർന്നുണ്ടായ സ്പാർക്കാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ രാമമൂർത്തി നഗർ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

Related Posts