വയനാട് ധനസഹായം അടക്കമുള്ള വിഷയങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി കുടിക്കാഴ്ച നടത്തി. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും കേരള സർക്കാറിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസും ഒപ്പമുണ്ടായിരുന്നു.
രാവിലെ ഒൻപതോടെ കേരള ഹൗസിൽ എത്തിയ കേന്ദ്രമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രഫ. കെ.വി. തോമസ് എന്നിവർ ചേർന്ന് സ്വീകരിച്ചു. അനൗദ്യോഗിക സന്ദർശനമായിരുന്നു കേന്ദ്രമന്ത്രിയുടേത്.
വിഴിഞ്ഞം പദ്ധതിക്കുള്ള ധനസഹായം, കെ-റെയിൽ, ജി.എസ്.ടിയിലെ പ്രശ്നങ്ങൾ, ആശാ വർക്കർമാരുടെ കുടിശ്ശിക അടക്കമുള്ള വിഷയങ്ങളും ചർച്ചയിൽ ഉന്നയിച്ചതായാണ് സൂചന. ഇന്ന് നടക്കുന്ന സി.പി.എം പോളിറ്റ്ബ്യൂറോ യോഗത്തിൽ പങ്കെടുത്ത ശേഷമാകും പിണറായി വിജയൻ കേരളത്തിലേക്ക് മടങ്ങുക.