നഗരത്തിലെ സർക്കാർ ഇന്ദിരാ കാന്റീനുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ പരിശോധന ശക്തമാക്കി. ഇന്ന് ഗൊട്ടിഗെരെ, ലിംഗരാജപുരം, സിംഗസാന്ദ്ര എന്നിവിടങ്ങളിലെ കാന്റീനുകളിലും ഭക്ഷണം തയ്യാറാക്കുന്ന കേന്ദ്രങ്ങളിലും ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഗൊട്ടിഗെരെയിലെ കേന്ദ്രീകൃത അടുക്കളയിൽ എലികളുടെ സാന്നിധ്യവും വൃത്തിഹീനമായ രീതിയിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചതും കണ്ടെത്തിയതിനെ തുടർന്ന് ഭക്ഷണം സൂക്ഷിക്കുന്ന വെയർഹൗസ് സീൽ ചെയ്തു. ഭക്ഷ്യവസ്തുക്കളുടെ ലേബലിങ്, സംഭരണം, കൈകാര്യം ചെയ്യൽ തുടങ്ങിയ കാര്യങ്ങളിലും വീഴ്ചകൾ കണ്ടെത്തിയതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. പരിശോധനയുടെ ഭാഗമായി പരിപ്പ്, മഞ്ഞൾപ്പൊടി, പാചക എണ്ണ, ശർക്കര, ഉപ്പ്, പഞ്ചസാര, തയ്യാറാക്കിയ ഭക്ഷണങ്ങൾ തുടങ്ങിയവയുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി ഭക്ഷ്യലാബിലേക്ക് അയച്ചു.

ഗൊട്ടിഗെരെ, ലിംഗരാജപുരം, സിംഗസന്ദ്ര കാന്റീനുകളിലെ ബന്ധപ്പെട്ട ഭക്ഷ്യവിതരണ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

നഗരത്തിലെ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കിയതിന് പിന്നാലെയാണ് സർക്കാർ നിയന്ത്രണത്തിലുള്ള ഇന്ദിരാ കാന്റീനുകളിലേക്കും പരിശോധന വ്യാപിപ്പിച്ചത്. പൊതുജനങ്ങൾക്ക് സുരക്ഷിതവും ശുചിത്വമുള്ളതുമായ ഭക്ഷണം ഉറപ്പാക്കുന്നതിനായി ഇത്തരം പരിശോധനകൾ തുടരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

Related Posts