തായ്ലൻഡിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ എയർ ഇന്ത്യ വിമാനം ഏകദേശം 300 അടി താഴേക്ക് പതിച്ച സംഭവത്തിൽ പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചിരുന്നതായി പരിശോധനയിൽ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. എഐ 2379 വിമാനത്തിലെ പൈലറ്റ് ഇൻ കമാൻഡിൻ്റെ പരിശോധനയിലാണ് ലഹരിവസ്തുവിൻ്റെ സാന്നിധ്യം കണ്ടെത്തിയത്. ഓഗസ്റ്റ് നാലിനായിരുന്നു സംഭവം. 137 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം പെട്ടെന്ന് താഴേക്ക് പതിച്ചതിനെ തുടർന്ന് 24 പേർക്ക് പരിക്കേറ്റിരുന്നു. സംഭവത്തിന് പിന്നാലെ വിമാനം സുരക്ഷിതമായി ഡൽഹിയിൽ ലാൻഡ് ചെയ്തു.
വിമാനം ഡൽഹിയിലെത്തിയ ശേഷം നടത്തിയ പ്രാഥമിക ഡോപ്പ് പരിശോധനയിലാണ് പൈലറ്റിൻ്റെ സാമ്പിളിൽ ലഹരിവസ്തുവിൻ്റെ സാന്നിധ്യം കണ്ടെത്തിയത്. തുടർന്ന് സാമ്പിൾ വിശദമായ ലാബ് പരിശോധനയ്ക്ക് അയച്ചു. തുടർപരിശോധനയിലും കഞ്ചാവ് ഉപയോഗിച്ചതായി സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) ആരംഭിച്ചിട്ടുണ്ട്. അപകടത്തിന് പിന്നിലെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി വിമാനത്തിൻ്റെ സാങ്കേതിക വിവരങ്ങളും പൈലറ്റുമാരുടെ നടപടികളും ഉൾപ്പെടെ പരിശോധിച്ചുവരികയാണ്.
അന്വേഷണം പൂർത്തിയാകുന്നതുവരെ വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരെയും ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തിയതായി ഡിജിസിഎ അറിയിച്ചു. അപകടത്തിൽ പരിക്കേറ്റ ജീവനക്കാരിൽ രണ്ടുപേർ ഇപ്പോഴും ചികിത്സയിലാണെന്നാണ് വിവരം.
സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ പൈലറ്റിൻ്റെ ഡോപ്പ് ടെസ്റ്റ് ഫലങ്ങളും അന്വേഷണ റിപ്പോർട്ടും വിശദമായി പരിശോധിച്ച ശേഷമായിരിക്കും തുടർനടപടി സ്വീകരിക്കുക. പൈലറ്റിൻ്റെ ലഹരി ഉപയോഗം വിമാനത്തിൻ്റെ സുരക്ഷയെ ബാധിച്ചിട്ടുണ്ടോയെന്നതും അന്വേഷണത്തിൻ്റെ പ്രധാന ഭാഗമാണ്. അപകടത്തിൻ്റെ കാരണം അന്തിമമായി സ്ഥിരീകരിച്ചിട്ടില്ലെന്നും, ഡോപ്പ് ടെസ്റ്റ് ഫലം മാത്രം അടിസ്ഥാനമാക്കി വിമാനത്തിൻ്റെ താഴേക്കുള്ള പതനത്തിന് പൈലറ്റിൻ്റെ ലഹരി ഉപയോഗമാണ് കാരണമെന്ന് നിഗമനം ചെയ്യാനാകില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.