രാജ്യത്തെ ഉപഭോക്താക്കൾക്ക് യു.പി.ഐ. (UPI) ഇടപാടുകൾക്ക് ചാർജ് ഈടാക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കി. രാജ്യസഭയിൽ നികുതി, മറ്റ് നിയമങ്ങൾ ഭേദഗതി ചെയ്യുന്ന ബില്ലിന്മേലുള്ള ചർച്ചയ്ക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി. റോഡരികിലെ കച്ചവടക്കാർ ഉൾപ്പെടെയുള്ള ചെറുകിട വ്യാപാരികളുടെ ഇടപാടുകൾക്കും നിലവിലെ രീതിയിൽ യു.പി.ഐ. പേയ്‌മെന്റ് സൗജന്യമായി തുടരുമെന്ന് മന്ത്രി വ്യക്തമാക്കി. ബഹുഭൂരിപക്ഷം വ്യാപാരി ഇടപാടുകളിലും ഉപഭോക്താവിന് നേരിട്ട് ചാർജ് നൽകേണ്ട സാഹചര്യമുണ്ടാകില്ലെന്നും അവർ പറഞ്ഞു.

യു.പി.ഐ. ഇടപാടുകളുമായി ബന്ധപ്പെട്ട മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) സംബന്ധിച്ച ചട്ടക്കൂട് ഇതുവരെ അന്തിമമാക്കിയിട്ടില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. ഭാവിയിൽ വ്യാപാരികൾക്കായി ഏതെങ്കിലും തരത്തിലുള്ള നിരക്ക് ഏർപ്പെടുത്തിയാലും അത് ചില പ്രത്യേക വിഭാഗങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് സാധ്യത.

ഇടപാട് നിരക്ക് സംബന്ധിച്ച ആശങ്കകൾക്കിടെ സാധാരണ ജനങ്ങൾക്ക് വ്യക്തത നൽകിക്കൊണ്ടാണ് ധനമന്ത്രിയുടെ പ്രതികരണം. രാജ്യത്തെ ഓരോ പൗരനും അധിക ഇടപാട് ചാർജ് നൽകാതെ തൽക്ഷണ ഡിജിറ്റൽ പേയ്‌മെന്റുകൾ നടത്തുന്നത് തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

ചെറുകിട വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഡിജിറ്റൽ പേയ്‌മെന്റ് കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിൽ യു.പി.ഐ. നിർണായക പങ്കുവഹിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിൻ്റെ നിലപാട്. നിലവിൽ വ്യാപകമായി ഉപയോഗിക്കുന്ന യു.പി.ഐ. സംവിധാനത്തിൻ്റെ സൗജന്യ ഉപഭോക്തൃ ഇടപാടുകൾ തുടരുമെന്ന ഉറപ്പ് ഡിജിറ്റൽ പേയ്‌മെന്റ് മേഖലയ്ക്കും ആശ്വാസം നൽകുന്നതാണ്.

Related Posts