നഴ്സിങ് പഠനത്തിൻ്റെ സർട്ടിഫിക്കറ്റ് വാങ്ങുന്നതിനായി ബെംഗളൂരുവിലെത്തിയ മലപ്പുറം താനൂർ സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. താനൂർ സ്വദേശി ഇംതിയാസ് (25) നെയാണ് കാണാതായത്.
ഓഗസ്റ്റ് 7ന് ബെംഗളൂരുവിലെത്തിയ ഉടൻ ഇംതിയാസ് വീട്ടുകാരെ ഫോണിൽ വിളിച്ച് എത്തിയ വിവരം അറിയിച്ചിരുന്നു. എന്നാൽ അതിന് ശേഷം ഇയാളുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
ഇംതിയാസ് പഠിച്ച കോളേജിൽ ബന്ധുക്കൾ അന്വേഷിച്ചെങ്കിലും അവിടെ എത്തിയിട്ടില്ലെന്നാണ് വിവരം. ദിവസങ്ങൾ കഴിഞ്ഞിട്ടും യാതൊരു വിവരവും ലഭിക്കാത്തതിനെ തുടർന്ന് കുടുംബം താനൂർ പൊലീസിൽ പരാതി നൽകി.
കേസെടുത്ത പൊലീസ് ബെംഗളൂരു പൊലീസിൻ്റെ സഹായത്തോടെ അന്വേഷണം ഊർജിതമാക്കി. അവസാനമായി ഫോൺ സന്ദേശം ലഭിച്ച സ്ഥലവും മൊബൈൽ ലൊക്കേഷൻ വിവരങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. യുവാവിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കുടുംബത്തെയോ പൊലീസിനെയോ അറിയിക്കണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്. 9036957602, 9449114930