കർണാടകയിലെ കനറാ ബാങ്കിൻ്റെ വിജയപുര മനഗുള്ളി ശാഖയിൽ കോടികളുടെ കവര്‍ച്ച. ബാങ്കിലെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്ന 59 കിലോ സ്വര്‍ണവും 5.20 ലക്ഷം രൂപയും കവര്‍ന്നതായാണ് പരാതി. നഷ്ടപ്പെട്ട സ്വര്‍ണത്തിന് ഏകദേശം 53 കോടിയോളം രൂപ വിലവരും. മേയ് 23 ആയിരുന്നു ബാങ്കിൻ്റെ അവസാന പ്രവൃത്തിദിവസം. മേയ് 23-ന് വൈകീട്ട് ഏഴുമണിക്കും മേയ് 25 രാവിലെ 11.30-നും ഇടയിലാണ് കവർച്ച നടന്നതെന്നാണ് നിഗമനം. 24, 25 തീയതികളിൽ ബാങ്ക് അവധിയായിരുന്നു.

മേയ് 25-ന് രാവിലെ 11.30-ഓടെ ബാങ്കിലെ ഒരു ജീവനക്കാരനാണ് പ്രധാന ഷട്ടറിന്റെ പൂട്ടും ഗ്രില്ലുകളും തകർത്തനിലയിൽ കണ്ടത്. ഇദ്ദേഹം ഉടനെ ബ്രാഞ്ച് ഇൻ ചാർജിനെ വിവരമറിയിച്ചു. തുടർന്ന് ബാങ്കിൻ്റെ റീജിയണൽ മേധാവിക്കും വിവരം കൈമാറി.
റീജിയണൽ ഓഫീസിലെ ഉദ്യോഗസ്ഥരടക്കം ഉച്ചയ്ക്ക് ഒരുമണിയോടെ ബാങ്കിലെത്തി നടത്തിയ പരിശോധനയിലാണ് കവർച്ച സ്ഥിരീകരിച്ചത്. തുടർന്ന് സ്ട്രോങ് റൂമിലെ വിവിധ അലമാരകൾ പരിശോധിച്ചാണ് നഷ്ടപ്പെട്ട സ്വർണത്തിൻറെ അളവ് തിട്ടപ്പെടുത്തിയത്.

ബാങ്കിലെ സിസിടിവി ക്യാമറകൾ അഴിച്ചെടുക്കുകയും ഹാർഡ് ഡിസ്‌ക് ഉൾപ്പെടെ കവർച്ച നടത്തിയവർ മോഷ്ടിക്കുകയും ചെയ്‌തിട്ടുണ്ട്. അതിനിടെ, ദുര്‍മന്ത്രവാദത്തിന് ഉപയോഗിക്കുന്ന ചില വിചിത്രരൂപങ്ങളും സംഭവസ്ഥലത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഇത് അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായെന്നാണ് പോലീസിൻ്റെ നിഗമനം. 8 സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചതായി ജില്ലാ പോലീസ് സൂപ്രണ്ട് ലക്ഷ്മണ്‍ നിംബാര്‍ഗി മാധ്യമങ്ങളോട് പറഞ്ഞു.

Related Posts