എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന 27-ാം പ്രതി ആദർശിനെ പൊലീസ് പിടികൂടി. വിദേശത്തേക്ക് കടന്ന ഇയാൾ ഇന്ന് രാവിലെ ചെന്നൈ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കേസിൽ പ്രതിക്കായി നേരത്തെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾക്കായി മ്യൂസിയം പൊലീസ് സംഘം ചെന്നൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
അതേസമയം, കേസിൽ മറ്റൊരു പ്രതിയായ പാളയം സന്തോഷിനായുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കി. ഇയാൾ ഇപ്പോഴും ഒളിവിലാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. രാജ്യത്തിന് പുറത്തേക്ക് കടക്കാനുള്ള സാധ്യത ഉൾപ്പെടെ പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലായിരുന്ന ആദർശിൻ്റെ തിരിച്ചുവരവ് അന്വേഷണത്തിൽ നിർണായകമായേക്കുമെന്നാണ് പൊലീസ് വിലയിരുത്തൽ.