മൈസൂരുവിൽ ജോലിസ്ഥലത്ത് നേരിട്ട കടുത്ത മാനസിക പീഡനത്തെ തുടർന്ന് 45കാരിയായ സൂപ്പർമാർക്കറ്റ് ജീവനക്കാരി ജീവനൊടുക്കിയതായി പരാതി. മൈസൂരു സ്വദേശിനിയായ നാഗേശ്വരിയാണ് വീട്ടിൽ വിഷം കഴിച്ച് മരിച്ചത്.
പുതുതായി ചുമതലയേറ്റ സൂപ്പർവൈസറുടെ നിരന്തരമായ പീഡനമാണ് മരണത്തിന് കാരണമെന്ന് ആരോപിക്കുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തി. വാരാന്ത്യ അവധി നിഷേധിച്ചതും മറ്റ് ജീവനക്കാരുടെ തെറ്റുകളുടെ ഉത്തരവാദിത്വം തൻ്റെ മേൽ ചുമത്തിയതും അസുഖത്തെ തുടർന്ന് ജോലിക്ക് എത്താതിരുന്നതിന് മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടതും ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് കുറിപ്പിലുള്ളത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഫോൺ വിളിച്ചിട്ട് ലഭിക്കാതിരുന്നതിനെ തുടർന്ന് ഭർത്താവ് വീട്ടിലെത്തിയപ്പോഴാണ് നാഗേശ്വരിയെ ബോധരഹിതയായി കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.