പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ നബിദിനത്തോടനുബന്ധിച്ച് യുഎഇയിൽ ഓഗസ്റ്റ് 28ന് പൊതു അവധി പ്രഖ്യാപിച്ചു. രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയായിരിക്കും ലഭിക്കുക.
ഓഗസ്റ്റ് 28 വെള്ളിയാഴ്ചയായതിനാൽ ശനി, ഞായർ ദിവസങ്ങളിലെ വാരാന്ത്യ അവധിയും ചേർന്ന് ജീവനക്കാർക്ക് മൂന്ന് ദിവസത്തെ തുടർച്ചയായ അവധി ലഭിക്കും. ഓഗസ്റ്റ് 31 തിങ്കളാഴ്ച മുതലാണ് സാധാരണ പ്രവൃത്തി ദിനം പുനരാരംഭിക്കുക. ഹിജ്റ കലണ്ടറിലെ റബി അൽ അവ്വൽ 12നാണ് പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം ആചരിക്കുന്നത്. നബിയുടെ ജീവിതവും സന്ദേശങ്ങളും അനുസ്മരിക്കുന്നതിനൊപ്പം വിവിധ ആത്മീയ പരിപാടികളും ഈ ദിനത്തിൽ സംഘടിപ്പിക്കാറുണ്ട്.
ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ മതപ്രഭാഷണങ്ങൾ, ഖുർആൻ പാരായണം, പ്രാർത്ഥനകൾ, ആത്മീയ സമ്മേളനങ്ങൾ തുടങ്ങിയ പരിപാടികളിലൂടെയാണ് നബിദിനം ആചരിക്കുന്നത്. ഇസ്ലാമിക കലണ്ടർ ചാന്ദ്രമാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതിനാൽ ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നബിദിനത്തിൻ്റെ തീയതി ഓരോ വർഷവും വ്യത്യാസപ്പെടും.