ലാൽബാഗ് ഒരു ബൊട്ടാണിക്കൽ ഗാർഡൻ മാത്രമല്ല, കർണാടകത്തിൻ്റെ ചരിത്രത്തിൻ്റെയും സാംസ്കാരിക പൈതൃകത്തിൻ്റെയും പ്രതീകമാണെന്നും മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ പറഞ്ഞു. പുഷ്പമേള ഉദ്ഘാടനം ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
യുവാക്കളും കുടുംബങ്ങളും മുതിർന്ന പൗരന്മാരും പുഷ്പമേള സന്ദർശിക്കണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. ഹൈദർ അലി സ്ഥാപിക്കുകയും ബ്രിട്ടീഷ് ഭരണകാലത്ത് വികസിപ്പിക്കുകയും ചെയ്ത ലാൽബാഗിനെ ഇപ്പോൾ കർണാടക സർക്കാർ കൂടുതൽ സംരക്ഷിച്ച് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഓഗസ്റ്റ് 15-ന് കർഷകരും സർക്കാരും ചേർന്നുള്ള പുതിയ പങ്കാളിത്ത പദ്ധതി പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ഹരിതമേഖല വർധിപ്പിക്കുന്നതിനൊപ്പം കർഷകരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തവണത്തെ പുഷ്പമേള ‘ഗംഗ സാമ്രാജ്യത്തിൻ്റെ മഹത്വം’ എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ഗംഗ രാജവംശത്തിൻ്റെ ചരിത്രം, കർഷകജീവിതം, കാർഷിക പാരമ്പര്യം, ജലസംരക്ഷണ സംവിധാനങ്ങൾ എന്നിവ പുഷ്പശിൽപ്പങ്ങളിലൂടെ സന്ദർശകർക്കു പരിചയപ്പെടുത്തുന്ന രീതിയിലാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്.