സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൻ്റെ (SIR) ഭാഗമായി കർണാടകയിൽ 1.11 കോടി വോട്ടർമാരെ പ്രത്യേക പരിശോധനാ പട്ടികയിൽ ഉൾപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസ് അറിയിച്ചു. ആളെ കണ്ടെത്താനാകാത്തവർ, മരണപ്പെട്ടവർ, സ്ഥിര താമസം മാറിയവർ, പേരുകൾ ആവർത്തിച്ച് ഉൾപ്പെട്ടവർ തുടങ്ങിയ വിഭാഗങ്ങളിലാണ് ഇവരെ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇവരിൽ ഏകദേശം 50 ലക്ഷം പേർ ബെംഗളൂരുവിലെ വോട്ടർമാരാണ്. എന്നാൽ ഈ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് ഉടൻ നീക്കം ചെയ്യില്ലെന്നും, ഓരോ കേസും വിശദമായി പരിശോധിച്ച ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളുവെന്നും സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വി. അൻപുകുമാർ വ്യക്തമാക്കി.
ജൂൺ 16 വരെയുള്ള കണക്കുകൾ പ്രകാരം കർണാടകയിൽ 5,54,32,314 വോട്ടർമാരാണ് നിലവിലുള്ളത്. ഈ കണക്കിൻ്റെ അടിസ്ഥാനത്തിലാണ് എന്യൂമറേഷൻ ഫോമുകൾ വിതരണം ചെയ്തതെന്നും അധികൃതർ അറിയിച്ചു. വോട്ടർ പട്ടിക കൂടുതൽ കൃത്യമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പ്രത്യേക പരിശോധന നടക്കുന്നതെന്നും തിരഞ്ഞെടുപ്പ് ഓഫീസ് വിശദീകരിച്ചു.