രാജ്യത്ത് ഡിജിറ്റൽ പണമിടപാടുകളുടെ ഏറ്റവും ജനപ്രിയ മാർഗമായ യുപിഐ (UPI) ഉപയോഗിക്കുന്നവർക്ക് ആശങ്കയുണ്ടാക്കുന്ന നീക്കവുമായി കേന്ദ്ര സർക്കാർ. നിലവിൽ സൗജന്യമായുള്ള യുപിഐ ഇടപാടുകളിൽ, 2,000 രൂപയ്ക്ക് മുകളിലുള്ള ബിസിനസ് ഇടപാടുകൾക്ക് 0.25 ശതമാനം മുതൽ 0.4 ശതമാനം വരെ മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) ഈടാക്കാൻ അനുമതി നൽകുന്ന നിയമഭേദഗതിക്കാണ് സർക്കാർ തയ്യാറെടുക്കുന്നത്.
ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ടാക്സേഷൻ ആൻഡ് അദർ ലോസ് (ഭേദഗതി) ബില്ലിൽ, അംഗീകൃത ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനങ്ങളിൽ ബാങ്കുകൾക്കും പേയ്മെന്റ് സേവനദാതാക്കൾക്കും എംഡിആർ ഈടാക്കുന്നതിന് നിലവിലുള്ള വിലക്ക് ഒഴിവാക്കുന്ന വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബിൽ പാർലമെന്റിൻ്റെ അംഗീകാരം ലഭിച്ചാൽ, ഭാവിയിൽ യുപിഐ ഉൾപ്പെടെയുള്ള ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾക്ക് എംഡിആർ ഏർപ്പെടുത്താൻ സർക്കാരിന് നിയമപരമായ അധികാരം ലഭിക്കും. എന്നാൽ ഈ ഫീസ് എപ്പോൾ പ്രാബല്യത്തിൽ വരുമെന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
നിലവിൽ 2020 മുതൽ യുപിഐ ഇടപാടുകൾക്ക് സീറോ എംഡിആർ നയമാണ് നിലവിലുള്ളത്. പുതിയ നിയമഭേദഗതി പ്രാബല്യത്തിൽ വന്നാൽ വലിയ തുകകളുള്ള ബിസിനസ് ഇടപാടുകളിൽ അധികചെലവ് ഉണ്ടാകുമെന്ന ആശങ്കയാണ് വ്യാപാരികളും ഡിജിറ്റൽ പേയ്മെന്റ് മേഖലയിലെ വിദഗ്ധരും പങ്കുവയ്ക്കുന്നത്.