കർണാടകയിൽ കനത്ത മഴയെ തുടർന്ന് യെദകുമാരി–ശ്രീവഗിലു സ്റ്റേഷനുകൾക്കിടയിലെ റെയിൽപാതയിൽ മണ്ണിടിഞ്ഞതോടെ ബെംഗളൂരു–മംഗളൂരു റൂട്ടിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. പാളത്തിലേക്ക് മണ്ണും പാറക്കല്ലുകളും വീണതിനെ തുടർന്ന് നിരവധി ട്രെയിനുകൾ റദ്ദാക്കുകയും ചില സർവീസുകൾ ഭാഗികമായി അവസാനിപ്പിക്കുകയും ചെയ്തതായി ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു.
മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളും സാങ്കേതിക സംഘങ്ങളും വിന്യസിച്ച് പുനരുദ്ധാരണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ തുടരുകയാണ്. എന്നാൽ പ്രദേശത്ത് മഴ തുടരുന്നതിനാൽ ഇടയ്ക്കിടെ വീണ്ടും മണ്ണിടിയുന്നത് ജോലികൾക്ക് തിരിച്ചടിയാകുന്നതായി റെയിൽവേ അധികൃതർ അറിയിച്ചു. സ്ഥിതിഗതികൾ മുതിർന്ന ഉദ്യോഗസ്ഥർ നേരിട്ട് വിലയിരുത്തുന്നുണ്ടെന്നും പാത സുരക്ഷിതമാണെന്ന് ഉറപ്പാക്കിയ ശേഷമേ സർവീസുകൾ പുനരാരംഭിക്കുകയുള്ളുവെന്നും അറിയിച്ചു.
സംഭവത്തെ തുടർന്ന് മംഗളൂരു ജങ്ഷൻ–യശ്വന്ത്പൂർ എക്സ്പ്രസ് (16540), യശ്വന്ത്പൂർ–മംഗളൂരു ജങ്ഷൻ എക്സ്പ്രസ് (16575) എന്നീ ട്രെയിനുകൾ പൂർണമായും റദ്ദാക്കി. എസ്.എം.വി.ടി. ബെംഗളൂരു–മുരുഡേശ്വർ എക്സ്പ്രസ് (16585), കെ.എസ്.ആർ. ബെംഗളൂരു–കോഴിക്കോട് എക്സ്പ്രസ് (16511) എന്നിവ ഉൾപ്പെടെ ചില ട്രെയിനുകൾ ഹസൻ വരെ മാത്രമാണ് സർവീസ് നടത്തിയത്. യാത്രക്കാർ യാത്രയ്ക്ക് മുമ്പ് റെയിൽവേയുടെ ഔദ്യോഗിക അറിയിപ്പുകൾ പരിശോധിച്ചശേഷം മാത്രം യാത്ര ക്രമീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.