മൈസൂരു ജില്ലയിലെ ഹുന്‍സൂറിൽ കുർക്കുറെ പാക്കറ്റിനുള്ളിൽ ലഭിച്ച ചെറിയ പ്ലാസ്റ്റിക് കളിപ്പാട്ടപ്പന്ത് വിഴുങ്ങിയ അഞ്ച് വയസ്സുകാരൻ ദാരുണമായി മരിച്ചു. മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗൗരമ്മയുടെയും ശങ്കർ നായകിൻ്റെയും പേരക്കുട്ടിയും സന്തോഷ്–ഐശ്വര്യ ദമ്പതികളുടെ ഏകമകനുമായ മുകുന്ദ് മയൂരാണ് മരിച്ചത്.

പ്രാഥമിക വിവരങ്ങൾ പ്രകാരം, കുർക്കുറെ പാക്കറ്റിൽ ലഭിച്ച ചെറിയ പ്ലാസ്റ്റിക് പന്ത് കുട്ടി അബദ്ധത്തിൽ വിഴുങ്ങുകയായിരുന്നു. തുടർന്ന് പന്ത് തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം ഉണ്ടായതോടെയാണ് അപകടം സംഭവിച്ചത്. കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ ഹുന്‍സൂർ റൂറൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തിൻ്റെ കൃത്യമായ കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷം സ്ഥിരീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

ഈ സംഭവം കുട്ടികൾ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളോടൊപ്പം നൽകുന്ന ചെറിയ കളിപ്പാട്ടങ്ങളെക്കുറിച്ചുള്ള സുരക്ഷാ ആശങ്കകൾ വീണ്ടും ഉയർത്തിയിരിക്കുകയാണ്. കുട്ടികൾ ഇത്തരത്തിലുള്ള വസ്തുക്കൾ കൈകാര്യം ചെയ്യുമ്പോൾ മാതാപിതാക്കൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

Related Posts