ബെംഗളൂരു തുരങ്കപ്പാത പദ്ധതിയുടെ ഭാഗമായി ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിലൂടെ നിർദിഷ്ട പാത കടന്നുപോകുന്നതിനെതിരെ ഇന്ന് രാവിലെ 7.30ന് വോക്കേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല സംഘടിപ്പിക്കും. ലാൽബാഗിലെ പ്രശസ്തമായ പാറക്കെട്ടിന് മുകളിലാണ് പ്രതിഷേധം നടക്കുന്നത്. വിദ്യാർഥികൾ, പരിസ്ഥിതി പ്രവർത്തകർ, നടപ്പാത ഉപയോക്താക്കൾ, വിവിധ സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുക്കും.
ഹെബ്ബാൾ–സിൽക്ക് ബോർഡ് തുരങ്കപ്പാത പദ്ധതി ലാൽബാഗിൻ്റെ ജൈവവൈവിധ്യത്തിനും നൂറ്റാണ്ടുകളുടെ പഴക്കമുള്ള മരങ്ങൾക്കും ഭൂമിശാസ്ത്രപരമായ പൈതൃകത്തിനും ഭീഷണിയാകുമെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. പദ്ധതിയുടെ നിലവിലെ അലൈൻമെന്റ് മാറ്റി ലാൽബാഗിനെ പൂർണമായും ഒഴിവാക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.
ലാൽബാഗ് ബെംഗളൂരുവിൻ്റെ പ്രധാന ഹരിതശ്വാസകേന്ദ്രമാണെന്നും ഇവിടെ നിർമാണപ്രവർത്തനങ്ങൾ നടത്തുന്നത് പരിസ്ഥിതിക്ക് ദീർഘകാല ആഘാതമുണ്ടാക്കുമെന്നും പരിസ്ഥിതി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. പ്രതിഷേധം സമാധാനപരമായി നടക്കുമെന്നും പൊതുജനങ്ങൾ വലിയ തോതിൽ പങ്കെടുക്കണമെന്നും സംഘാടകർ അഭ്യർഥിച്ചിട്ടുണ്ട്.