കാവേരി ജലവിഹിത തർക്കം രൂക്ഷമാകുന്നതിനിടെ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിനെതിരെ കന്നഡ സംഘടനകൾ പ്രതിഷേധം ശക്തമാക്കി. കാവേരി വെള്ളം ആവശ്യപ്പെടുന്ന നിലപാട് പിൻവലിക്കാതെ ബെംഗളൂരുവിലേക്ക് വരാൻ അനുവദിക്കില്ലെന്നും, എത്തിയാൽ വിമാനത്താവളത്തിൽ തടയുമെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകി. പ്രതിഷേധത്തിൻ്റെ ഭാഗമായി ഓഗസ്റ്റ് 13 രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ബെംഗളൂരുവിൽ ബന്ദിന് കന്നഡ സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. നഗരത്തിൽ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ തമിഴ്നാട് മുഖ്യമന്ത്രിയുമായുള്ള നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച കർണാടക സർക്കാർ താൽക്കാലികമായി മാറ്റിവച്ചു.
നിലവിലെ സാഹചര്യത്തിൽ തമിഴ്നാടുമായി ചർച്ച നടത്താൻ അനുകൂല സാഹചര്യമല്ലെന്നും, ബെംഗളൂരു സന്ദർശനം തൽക്കാലം ഒഴിവാക്കണമെന്ന് വിജയിനോട് അഭ്യർഥിക്കുമെന്നും കർണാടക സർക്കാർ അറിയിച്ചു. കന്നഡ സംഘടനകളുടെ കടുത്ത എതിർപ്പിനെ തുടർന്നാണ് കൂടിക്കാഴ്ച നീട്ടിവെക്കാൻ തീരുമാനിച്ചതെന്നും സർക്കാർ വ്യക്തമാക്കി.
സംസ്ഥാനത്തിൻ്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും, കാവേരി വിഷയത്തിൽ തുടർനടപടികൾ സർവകക്ഷിയോഗത്തിന് ശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും കർണാടക സർക്കാർ അറിയിച്ചു.