നീറ്റ് പ്രതിഷേധത്തിനിടെ രാജി ആവശ്യപ്പെട്ടും മുദ്രാവാക്യം വിളിച്ചും നടന്ന വിദ്യാർഥി പ്രതിഷേധത്തിൽ പങ്കെടുത്ത എഐഎസ്എ (ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ) പ്രവർത്തകന് നേരെ ആക്രമണം. സംഭവത്തിൽ ജാലഹള്ളി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ചൊവ്വാഴ്ച രാത്രി 10.30ഓടെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന 19-കാരനെ രണ്ട് ഇരുചക്രവാഹനങ്ങളിലായി എത്തിയ മുഖംമൂടി ധരിച്ച നാല് പേർ തടഞ്ഞുനിർത്തി തിരിച്ചറിയൽ ഉറപ്പാക്കിയ ശേഷമാണ് ആക്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. “മോദിയുടെ രാജി ആവശ്യപ്പെടാൻ നിനക്ക് ധൈര്യമുണ്ടോ?” എന്ന് ചോദിച്ചശേഷം മരക്കഷണം ഉപയോഗിച്ച് യുവാവിൻ്റെ വലതുകാലിൽ അടിച്ചാണ് സംഘം കടന്നുകളഞ്ഞതെന്നും പരാതിയിൽ പറയുന്നു.

ആക്രമണത്തിൽ വിദ്യാർഥിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് പ്ലാസ്റ്റർ ഇടേണ്ടിവന്നു. മുൻ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ നടന്ന പ്രതിഷേധങ്ങളിൽ യുവാവ് സജീവമായി പങ്കെടുത്തിരുന്നുവെന്ന് എഐഎസ്എ അറിയിച്ചു.

സംഭവത്തിൽ ജാലഹള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Related Posts