നഗരപരിസരമായ കുമ്പളഗോഡുവിലെ വാടകവീട്ടിൽ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ കൊലപാതക സംശയം ശക്തമായി. ബിഹാർ സ്വദേശിനിയായ റീമ കുമാരി(20)യാണ് മരിച്ചത്. ഭർത്താവ് ധീരജ് കുമാർ സംഭവശേഷം ഒളിവിൽ പോയതായാണ് പൊലീസ് സംശയിക്കുന്നത്.

ഒരു വർഷം മുമ്പ് ബെംഗളൂരുവിലെത്തിയ ദമ്പതികൾ ഗെരുപാള്യയ്ക്കു സമീപത്തെ ഒരു ഫാക്ടറിയിൽ ജോലി ചെയ്തുവരികയായിരുന്നു. നാല് മുതൽ അഞ്ച് ദിവസം മുമ്പ് ധീരജ് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കിടക്കവിരിയിൽ പൊതിഞ്ഞ് വീടിനുള്ളിൽ ഉപേക്ഷിച്ച ശേഷം വീട് പൂട്ടി ബിഹാറിലേക്ക് കടന്നതായാണ് അന്വേഷണസംഘത്തിൻ്റെ പ്രാഥമിക നിഗമനം.

റീമ തുടർച്ചയായി ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് സഹപ്രവർത്തക വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് വീടിനുള്ളിൽ നിന്ന് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടത്. തുടർന്ന് വീട്ടുടമയെ വിവരമറിയിച്ച് വീട് തുറന്നപ്പോൾ ശുചിമുറിക്ക് സമീപം കിടക്കവിരിയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

സംഭവത്തിൽ കുമ്പളഗോഡു പൊലീസ് കൊലപാതകക്കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതിയായ ധീരജ് കുമാറിനെ കണ്ടെത്താൻ പ്രത്യേക സംഘം രൂപീകരിച്ച് ബിഹാർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു.

Related Posts