ജപ്പാനിലെ തെക്കൻ ദ്വീപായ ക്യൂഷുവിലെ കുമാമോട്ടോ പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തെ തുടർന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി സുനാമി മുന്നറിയിപ്പ് പുറപ്പെടുവിക്കുകയും തീരദേശ മേഖലകളിൽ അടിയന്തര ജാഗ്രതാ നിർദേശം നൽകുകയും ചെയ്തു.

കുമാമോട്ടോ ഉൾപ്പെടെയുള്ള തീരപ്രദേശങ്ങളിൽ ഒരു മീറ്റർ വരെ ഉയരമുള്ള സുനാമി തിരമാലകൾ ഉണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്. ഇതിനെ തുടർന്ന് തീരദേശവാസികൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ അധികൃതർ നിർദേശം നൽകി.

കുമാമോട്ടോയ്ക്ക് പുറമെ നാഗസാക്കി, കഗോഷിമ, ഫുക്കുവോക്ക, സാഗ, ഓയിറ്റ, മിയാസാക്കി എന്നീ പ്രവിശ്യകളിലും മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തര ദുരന്തനിവാരണ സംവിധാനങ്ങൾ സജ്ജമാക്കിയതായും അധികൃതർ അറിയിച്ചു.

ഭൂചലനത്തെ തുടർന്ന് മനുഷ്യജീവൻ സംരക്ഷിക്കുന്നതിനാണ് മുൻഗണന നൽകേണ്ടതെന്നും രക്ഷാപ്രവർത്തനങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകരുതെന്നും ജപ്പാൻ പ്രധാനമന്ത്രി തനെ തകയ്ച്ചി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

ഇപ്പോൾ വരെ ഭൂചലനത്തെ തുടർന്ന് ആളപായമോ വൻ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ജപ്പാൻ അധികൃതർ അറിയിച്ചു.

Related Posts