കർണാടകയിലെ യുവാക്കൾക്കിടയിൽ എച്ച്ഐവി (HIV) രോഗബാധ വർധിക്കുന്ന സാഹചര്യത്തിൽ കർണാടകയിലെ കോളേജുകളിൽ വ്യാപക എച്ച്ഐവി പരിശോധന നടത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. സംസ്ഥാനത്തെ എഞ്ചിനീയറിംഗ്, ഡിഗ്രി കോളേജുകളിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി പരിശോധനയും ബോധവത്കരണവും കൗൺസിലിംഗും നടത്താനാണ് പദ്ധതി.
പരിശോധന കൂടുതൽ എളുപ്പവും രഹസ്യസ്വഭാവമുള്ളതുമാക്കുന്നതിനായി ക്യൂആർ കോഡ് അടിസ്ഥാനമാക്കിയ സംവിധാനം ഒരുക്കിയിട്ടുണ്ട്. പരിശോധനയ്ക്കും കൗൺസിലിംഗിനും എല്ലാ കോളേജ് വിദ്യാർത്ഥികളും പ്രിൻസിപ്പൽമാരും സഹകരിക്കണമെന്ന് ആരോഗ്യവകുപ്പ് അഭ്യർത്ഥിച്ചു.
ദേശീയ എയ്ഡ്സ് നിയന്ത്രണ പരിപാടിയുടെയും മറ്റ് ആരോഗ്യ ഏജൻസികളുടെയും കണക്കുകൾ പ്രകാരം, എച്ച്ഐവി വ്യാപനത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനത്താണ് കർണാടക. സംസ്ഥാനത്ത് ഏകദേശം 2.60 ലക്ഷം എച്ച്ഐവി ബാധിതരുണ്ടെന്നാണ് വിലയിരുത്തൽ. ഇവരിൽ 2.05 ലക്ഷം പേർ ആന്റി-റെട്രോവൈറൽ തെറാപ്പി (ART) ചികിത്സ ലഭിച്ചുവരുന്നുണ്ട്.
അതേസമയം, ഏകദേശം 54,000 പേർക്ക് തങ്ങൾ എച്ച്ഐവി ബാധിതരാണെന്ന വിവരം ഇതുവരെ അറിയില്ലെന്നാണ് ആരോഗ്യവകുപ്പിൻ്റെ കണ്ടെത്തൽ. പ്രത്യേകിച്ച് 18 മുതൽ 35 വയസ് വരെയുള്ള യുവാക്കളിലാണ് രോഗവ്യാപനം കൂടുതലായി രേഖപ്പെടുത്തുന്നത്. 18 മുതൽ 25 വയസ് വരെയുള്ളവരിൽ മാത്രം ഏകദേശം 7,000 പേർക്ക് എച്ച്ഐവി ബാധയുണ്ടെന്നാണ് റിപ്പോർട്ട്.
രോഗം നേരത്തേ കണ്ടെത്തി ചികിത്സ ഉറപ്പാക്കുകയും സമൂഹത്തിൽ എച്ച്ഐവി സംബന്ധിച്ച തെറ്റിദ്ധാരണകൾ മാറ്റുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ കോളേജുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനാ-ബോധവത്കരണ പരിപാടി ആരംഭിക്കുന്നത്.