ഹുസ്കൂർ റോഡ് മെട്രോ സ്റ്റേഷനിൽ ട്രെയിനിന് മുന്നിലേക്ക് ചാടി 37-കാരൻ മരിച്ച സംഭവത്തെ തുടർന്ന് നമ്മ മെട്രോയുടെ യെല്ലോ ലൈൻ സർവീസുകൾ രണ്ട് മണിക്കൂറിലേറെ തടസ്സപ്പെട്ടു. നമ്മ മെട്രോയുടെ ചരിത്രത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന നാലാമത്തെ ആത്മഹത്യയാണിത്. 2024 മാർച്ചിന് ശേഷം നടക്കുന്ന മൂന്നാമത്തെ സംഭവവുമാണിത്.
മരിച്ചയാളെ റായ്ചൂർ സ്വദേശിയും ഹെബ്ബഗോടിയിലെ അനന്ത് നഗറിൽ താമസക്കാരനുമായ രാജേഷ് എസ്. ഹിരേമഠ് (37) എന്നാണു പൊലീസ് തിരിച്ചറിഞ്ഞത്. സ്വകാര്യ മാധ്യമ സ്ഥാപനത്തിൽ കണ്ടന്റ് ക്രിയേറ്ററായിരുന്ന രാജേഷ് അവിവാഹിതനാണ്. ഇന്ന് വൈകിട്ട് സ്വന്തം സ്കൂട്ടറിൽ ഹുസ്കൂർ റോഡ് മെട്രോ സ്റ്റേഷനിലെത്തിയ രാജേഷ് വാഹനം പാർക്ക് ചെയ്ത ശേഷം അപ്പ് ലൈൻ പ്ലാറ്റ്ഫോമിലേക്ക് കയറി. വൈകിട്ട് 5.50ഓടെ സ്റ്റേഷനിലേക്ക് പ്രവേശിച്ചുകൊണ്ടിരുന്ന ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
യാത്രക്കാരൻ പാളത്തിലേക്ക് വീഴുന്നത് ശ്രദ്ധയിൽപ്പെട്ട ട്രെയിൻ ഓപ്പറേറ്റർ അടിയന്തര ബ്രേക്ക് പ്രയോഗിച്ചെങ്കിലും അപകടം ഒഴിവാക്കാനായില്ല. തുടർന്ന് ഓപ്പറേഷൻസ് കൺട്രോൾ സെന്ററിനെ (OCC) വിവരം അറിയിക്കുകയും സുരക്ഷാ പ്രോട്ടോക്കോൾ പ്രകാരം ബാധിത ഭാഗത്തെ വൈദ്യുതി വിതരണം ഉടൻ വിച്ഛേദിക്കുകയും ചെയ്തു. സ്റ്റേഷൻ ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയതിന് പിന്നാലെ പൊലീസ് എത്തി ട്രെയിനിനടിയിൽ കുടുങ്ങിയ മൃതദേഹം പുറത്തെടുത്തു.
സംഭവത്തെ തുടർന്ന് വൈകിട്ട് 5.55 മുതൽ രാത്രി 7.57 വരെ ഹുസ്കൂർ റോഡ്, ഹെബ്ബഗോടി, ബൊമ്മസന്ദ്ര, ഇലക്ട്രോണിക് സിറ്റി സ്റ്റേഷനുകളിലേക്കുള്ള യെല്ലോ ലൈൻ സർവീസ് പൂർണമായും നിർത്തിവെച്ചു. ഈ സമയത്ത് ആർ.വി. റോഡിനും ഇലക്ട്രോണിക് സിറ്റിക്കും ഇടയിൽ മാത്രമാണ് ട്രെയിനുകൾ സർവീസ് നടത്തിയത്.
നിയമപരമായ നടപടിക്രമങ്ങളും ട്രാക്ക് പരിശോധനയും സുരക്ഷാ പരിശോധനകളും പൂർത്തിയാക്കിയ ശേഷം രാത്രി 7.42ഓടെ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു. തുടർന്ന് രാത്രി 7.57 മുതൽ മുഴുവൻ യെല്ലോ ലൈൻ സർവീസും സാധാരണ നിലയിലായി.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയിലേക്ക് നയിച്ച കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.