ദേശീയപാത 4-ലെ പീനിയ എലിവേറ്റഡ് ഫ്ലൈഓവറിൽ (ഡോ. ശ്രീ ശിവകുമാര സ്വാമിജി ഫ്ലൈഓവർ) ദേശീയപാത അതോറിറ്റി നടത്തുന്ന ടാറിങ് (അസ്ഫാൾട്ട് റീസർഫേസിംഗ്) ജോലികളുടെ ഭാഗമായി രാത്രികാല ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
ജൂലൈ 27 മുതൽ ഓഗസ്റ്റ് 5 വരെ എല്ലാ ദിവസവും രാത്രി 10 മുതൽ പുലർച്ചെ 5 വരെ ബെംഗളൂരു നഗരത്തിലേക്കുള്ള എല്ലാ വാഹനങ്ങളുടെയും ഗതാഗതം ഫ്ലൈഓവറിൽ നിയന്ത്രിക്കും. ശനി, ഞായർ ദിവസങ്ങളിൽ അർധരാത്രി 12 മുതൽ പുലർച്ചെ 5 വരെ മാത്രമായിരിക്കും നിയന്ത്രണം.
കെന്നമെറ്റൽ വിഡിയ അപ്പർ റാംപ് മുതൽ എസ്.ആർ.എസ് ഡൗൺ റാംപ് വരെയുള്ള പീനിയ എലിവേറ്റഡ് ഫ്ലൈഓവർ ഭാഗത്താണ് നിയന്ത്രണം ബാധകമാകുക.
ബദൽ യാത്രാമാർഗം
നെലമംഗല ഭാഗത്തുനിന്ന് ബെംഗളൂരു നഗരത്തിലേക്ക് വരുന്ന വാഹനങ്ങൾ കെന്നമെറ്റൽ ഫാക്ടറിയ്ക്ക് സമീപം ഫ്ലൈഓവറിൽ നിന്ന് ഇറങ്ങി, ദേശീയപാതയുടെ സർവീസ് റോഡിലൂടെ 8-ാം മൈൽ – ദാസരഹള്ളി സ്റ്റേഷൻ ജംഗ്ഷൻ – എസ്.ആർ.എസ് ജംഗ്ഷൻ – ഗൊരഗുണ്ടെപാള്യ – ജാലഹള്ളി ക്രോസ് വഴി നഗരത്തിലേക്ക് പ്രവേശിക്കണമെന്ന് ബെംഗളൂരു ട്രാഫിക് പൊലീസ് അറിയിച്ചു.
യാത്രക്കാർ ഗതാഗത നിയന്ത്രണം കണക്കിലെടുത്ത് യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും ട്രാഫിക് പൊലീസ് അഭ്യർഥിച്ചു.