നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ സമരം നടത്തിയ വിദ്യാർഥികൾക്കും പ്രവർത്തകർക്കുമെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി (സിജെപി). ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം നാളെ മുതൽ രാജ്യവ്യാപകമായി സമരം പുനരാരംഭിക്കുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി.
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് ജന്തർ മന്തറിൽ 37 ദിവസമായി നടന്നുവരികയായിരുന്ന സമരം സിജെപി താൽക്കാലികമായി അവസാനിപ്പിച്ചിരുന്നു. എന്നാൽ സമരക്കാർക്കെതിരെ നടപടിയുണ്ടാകില്ലെന്ന ധാരണ സർക്കാർ ലംഘിച്ചുവെന്നാണ് സംഘടനയുടെ ആരോപണം.
ബിഹാറിലും പശ്ചിമ ബംഗാളിലും നൂറുകണക്കിന് വിദ്യാർഥികളെ അറസ്റ്റ് ചെയ്തതായും ഡൽഹി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സമരനേതാക്കളെ നിരീക്ഷിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നതായും സിജെപി വക്താവ് അശുതോഷ് റാങ്ക ആരോപിച്ചു. രജിസ്റ്റർ ചെയ്ത എല്ലാ എഫ്ഐആറുകളും അടിയന്തരമായി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, നിലവിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള പദ്ധതിയില്ലെന്നും രാജ്യത്തെ വിദ്യാർഥികളുടെയും യുവാക്കളുടെയും പ്രശ്നങ്ങളിൽ ഇടപെട്ട് പ്രക്ഷോഭം തുടരാനാണ് തീരുമാനമെന്നും അഭിജീത് ദിപ്കെയുടെ നേതൃത്വത്തിലുള്ള സംഘടന വ്യക്തമാക്കി.