കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള തമിഴ്നാട് സർക്കാരിൻ്റെ തീരുമാനം മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ഭരണഘടനയുടെ 14, 16 അനുച്ഛേദങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിർണായക ഉത്തരവ്.
കഴിഞ്ഞ സെപ്റ്റംബറിൽ മുഖ്യമന്ത്രി വിജയ് പങ്കെടുത്ത റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് കുട്ടികൾ ഉൾപ്പെടെ 41 പേർ മരിച്ചിരുന്നു. ദുരന്തബാധിത കുടുംബങ്ങൾക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി 32 കുടുംബങ്ങൾക്ക് ആശ്രിത നിയമന ഉത്തരവുകൾ സർക്കാർ കൈമാറിയിരുന്നു. എന്നാൽ, ലക്ഷക്കണക്കിന് യുവാക്കൾ മത്സരപരീക്ഷകൾ എഴുതി സർക്കാർ ജോലിക്കായി കാത്തിരിക്കുമ്പോൾ പ്രത്യേക വിഭാഗത്തിന് ഇത്തരത്തിൽ നിയമനം നൽകാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ദിവസേന റോഡപകടങ്ങളിലും മറ്റ് ദുരന്തങ്ങളിലും ആളുകൾ മരിക്കുന്നുണ്ടെന്നും അത്തരത്തിലുള്ള എല്ലാ കുടുംബങ്ങൾക്കും സർക്കാർ ജോലി നൽകാനാകുമോയെന്നും കോടതി ചോദിച്ചു.
സർക്കാർ നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് താൽക്കാലിക നിയമനങ്ങൾ നടത്തിയതെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു. ഇതേ തുടർന്നാണ് വിഷയം കോടതിയിലെത്തിയത്.
അതേസമയം, റാലി സംഘടിപ്പിക്കുന്നതിൽ ഗുരുതര വീഴ്ചകളുണ്ടായിരുന്നുവെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. മുഖ്യമന്ത്രി വൈകിയെത്തിയതും ആവശ്യമായ കുടിവെള്ളം, ഭക്ഷണം, ശുചിമുറി സൗകര്യങ്ങൾ എന്നിവ ഒരുക്കുന്നതിൽ വീഴ്ച സംഭവിച്ചതുമാണ് ദുരന്തത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. എന്നാൽ, പോലീസിൻ്റെ ഭാഗത്തുണ്ടായ വീഴ്ചയും ഗൂഢാലോചനയുമാണ് അപകടത്തിന് പിന്നിലെന്നാണ് ടിവികെയുടെ നിലപാട്.