നടൻ വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ നടൻ ധനുഷും രാഷ്ട്രീയത്തിലേക്കൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും ചൂടുപിടിച്ചു. ആരാധകർ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ ധനുഷ് നടത്തിയ പ്രസംഗത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് പുതിയ ചർച്ചകൾക്ക് തുടക്കമായത്.

സിനിമയുമായി ബന്ധപ്പെട്ട ആഘോഷങ്ങളിൽ ഒതുങ്ങാതെ സമൂഹത്തിന് ഉപകാരപ്പെടുന്ന പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകാൻ ആരാധകരോട് ധനുഷ് ആഹ്വാനം ചെയ്തു. “ഓഡിയോ ലോഞ്ചുകളും ആരാധക സംഗമങ്ങളും മാത്രമല്ല, നിങ്ങളുടെ പ്രദേശത്തെ ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി അവരെ സഹായിക്കൂ. അതാണ് എനിക്ക് ഏറ്റവും വലിയ അഭിമാനം നൽകുന്നത്,” എന്നായിരുന്നു അദ്ദേഹത്തിൻ്റെ വാക്കുകൾ.

ഈ പ്രസംഗം വൈറലായതിന് പിന്നാലെ ധനുഷും രാഷ്ട്രീയത്തിലേക്കാണോ ചുവടുവെക്കുന്നതെന്ന ചോദ്യവുമായി നിരവധി ആരാധകർ സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചു. എന്നാൽ, ധനുഷ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതായി ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല.

അതേസമയം, “വിജയ് രാഷ്ട്രീയത്തിലിറങ്ങിയപ്പോൾ ധനുഷിനും അത് സാധിക്കില്ലേ?”, “പൊതുജീവിതത്തിലേക്ക് വരാൻ ആഗ്രഹമുണ്ടെങ്കിൽ സ്വാഗതം”, “രാഷ്ട്രീയ വിജയം നേടാൻ ആരാധകസംഘടന മാത്രം പോര, ജനങ്ങളുടെ വിശ്വാസവും നേടണം” തുടങ്ങിയ അഭിപ്രായങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഉയരുന്നത്.

Related Posts