സംസ്ഥാനത്ത് അവയവക്കച്ചവടവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ചില ആശുപത്രികളെ കേന്ദ്രീകരിച്ച് വ്യാപകമായി അനധികൃത അവയവക്കച്ചവടം നടക്കുന്നുവെന്ന പരാതികളെത്തുടർന്നാണ് നടപടി.

ആളുകളുടെ അവയവങ്ങൾ അനധികൃതമായി കൈമാറി സാമ്പത്തിക നേട്ടമുണ്ടാക്കുന്ന സംഘങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഇത്തരം പ്രവർത്തനങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.

അവയവദാനത്തിനും അവയവമാറ്റ ശസ്ത്രക്രിയകൾക്കുമായി നിയമപരമായ നടപടിക്രമങ്ങളും സുപ്രീം കോടതിയുടെ മാർഗനിർദേശങ്ങളും നിലവിലുണ്ടെന്നും അവ ലംഘിച്ച് നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമായി തടയുമെന്നും അദ്ദേഹം പറഞ്ഞു. എസ്‌ഐടി ഉടൻ അന്വേഷണം ആരംഭിക്കുമെന്നും അറിയിച്ചു.

എറണാകുളം റൂറൽ എസ്.പി. കെ.എസ്. സുദർശൻ്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. കേന്ദ്ര ഏജൻസികളുമായും ആരോഗ്യവകുപ്പുമായും ഏകോപിപ്പിച്ചാകും അന്വേഷണം മുന്നോട്ടുപോകുക.

അതേസമയം, വ്യാജരേഖകൾ ഉപയോഗിച്ച് അവയവക്കടത്ത് നടത്തിയെന്ന കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണവും തുടരുകയാണ്. കേസിലെ മുഖ്യപ്രതി നജീബിനെയും ഭാര്യയെയും കൊച്ചിയിലെ മൂന്ന് സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരെയും ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു.

Related Posts