നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതിഷേധം നടത്തുന്ന സിജെപി (കോക്രോച്ച് ജനതാ പാർട്ടി) പ്രതിനിധികളുമായി കേന്ദ്രസർക്കാർ നടത്തിയ രണ്ടാംവട്ട ചർച്ച പൂർത്തിയായി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന വിദ്യാർഥികളുടെ പ്രധാന ആവശ്യത്തിൽ സർക്കാർ നാളെ ഉച്ചയോടെ നിലപാട് അറിയിക്കുമെന്ന് ചർച്ചയ്ക്ക് ശേഷം സിജെപി പ്രതിനിധികൾ അറിയിച്ചു.
കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ നടന്ന കൂടിക്കാഴ്ചയിൽ മൂന്ന് പ്രധാന ആവശ്യങ്ങളാണ് വിദ്യാർഥി പ്രതിനിധികൾ മുന്നോട്ടുവെച്ചത്. ധർമേന്ദ്ര പ്രധാൻ രാജിവെക്കുകയോ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കുകയോ ചെയ്യുക, സമരത്തിനിടെ മരിച്ച വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, പ്രതിഷേധക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ പിൻവലിക്കുക എന്നിവയാണ് ആവശ്യങ്ങൾ.
വിദ്യാഭ്യാസ മന്ത്രിയുടെ രാജി സംബന്ധിച്ച ആവശ്യത്തിൽ സർക്കാർ അനുകൂല ഉറപ്പ് നൽകിയിട്ടില്ലെന്ന് സിജെപി പ്രതിനിധികൾ വ്യക്തമാക്കി. എന്നാൽ, മരിച്ച വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരവും സമരക്കാർക്കെതിരായ കേസുകളും സംബന്ധിച്ച ആവശ്യങ്ങളിൽ സർക്കാർ അനുകൂല സമീപനം സ്വീകരിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
അതേസമയം, വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുകയോ കേന്ദ്രം വ്യക്തമായ നടപടി സ്വീകരിക്കുകയോ ചെയ്തില്ലെങ്കിൽ രാജ്യവ്യാപകമായി സമരം ശക്തമാക്കുമെന്ന് സിജെപി മുന്നറിയിപ്പ് നൽകി. സർക്കാരിൻ്റെ അന്തിമ തീരുമാനത്തിനായി വിദ്യാർഥികളും സമരനേതാക്കളും കാത്തിരിക്കുകയാണ്.