നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ സി ജെ പിയുടെയും പ്രതിപക്ഷത്തിൻ്റെയും പ്രതിഷേധം ശക്തമാകുന്നതിനിടെ, വിഷയത്തിൽ കൂടുതൽ നിർണായക നടപടികൾ ഇന്നുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ചോദ്യപേപ്പർ ചോർച്ച ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്ന അതീവ ഗൗരവമുള്ള വിഷയമാണെന്നും, അതിനാലാണ് കഴിഞ്ഞ രണ്ടര മാസമായി കേന്ദ്ര സർക്കാർ തുടർച്ചയായി നടപടികൾ സ്വീകരിച്ചതെന്നും മോദി പറഞ്ഞു.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ രൂപീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും, ആവശ്യമായ അനുമതികൾ ലഭിച്ചതായും അദ്ദേഹം അറിയിച്ചു. വിഷയം ഇന്നത്തെ കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കുമെന്നും, അടുത്ത ആഴ്ച പാർലമെന്റ് സമ്മേളിക്കുമ്പോൾ ഇതുസംബന്ധിച്ച ബിൽ പാസാക്കാൻ ശ്രമിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അതേസമയം, വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാണ് വിദ്യാർഥികളുടെ പ്രധാന ആവശ്യമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. ഇതിനിടെ, പ്രതിഷേധം നടത്തുന്ന സിജെപി നേതാക്കളുമായി കേന്ദ്ര സർക്കാർ ഇന്ന് ഉച്ചയ്ക്ക് ചർച്ച നടത്തും. ചർച്ച നടക്കുന്ന വേദി ഇതുവരെ അന്തിമമായിട്ടില്ലെങ്കിലും ഉച്ചയ്ക്ക് 12.30ഓടെ കൂടിക്കാഴ്ച നടക്കുമെന്നാണ് വിവരം. കേന്ദ്രസർക്കാരിൻ്റെ നിരന്തര ശ്രമങ്ങൾക്കൊടുവിലാണ് സിജെപി നേതൃത്വം ചർച്ചയ്ക്ക് തയ്യാറായത്.
ഡൽഹിയിൽ പ്രതിപക്ഷത്തിൻ്റെ പ്രതിഷേധവും തുടരുകയാണ്. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിക്കാനായിരുന്നു ആദ്യം തീരുമാനം. എന്നാൽ പൊലീസ് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിഷേധം ഗാന്ധി സ്മൃതിയിലേക്ക് മാറ്റുകയായിരുന്നു. വൈകിട്ട് ഇന്ത്യ മുന്നണി എംപിമാർ രാഹുൽ ഗാന്ധിയുടെ വസതിയിൽ യോഗം ചേർന്ന് തുടർസമരങ്ങൾ ചർച്ച ചെയ്തു. അതേസമയം, സി ജെ പിയുടെ സമരവുമായി ബന്ധപ്പെട്ട വിഷയത്തിൽ എൻ.ഐ.എ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.