പ്രാവുകൾക്ക് തീറ്റ നൽകുന്നതുമായി ബന്ധപ്പെട്ട് കർണാടക ആരോഗ്യവകുപ്പ് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ മാത്രമേ പ്രാവുകൾക്ക് തീറ്റ നൽകാൻ പാടുള്ളൂ എന്നാണ് നിർദേശം. അതേസമയം, ഫ്ലാറ്റുകളുടെയും അപ്പാർട്ട്മെന്റുകളുടെയും ബാൽക്കണികൾ, ടെറസുകൾ, പൊതുപാർക്കുകൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പ്രാവുകൾക്ക് തീറ്റ നൽകുന്നത് വിലക്കിയിട്ടുണ്ട്. പ്രാവുകൾ കൂട്ടമായി എത്തുന്നത് വഴി ആരോഗ്യ-ശുചിത്വ പ്രശ്നങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി.

പ്രാവുകളുടെ വിസർജ്യത്തിൽ നിന്ന് ഫംഗസ്, ബാക്ടീരിയ എന്നിവ പടരാൻ സാധ്യതയുണ്ടെന്നും, ഇത് ശ്വാസകോശ രോഗങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി. കൂടാതെ, പ്രാവുകൾ അമിതമായി പെരുകുന്നത് നഗരത്തിലെ ശുചിത്വത്തെയും കെട്ടിടങ്ങളുടെ പരിപാലനത്തെയും പ്രതികൂലമായി ബാധിക്കുന്നതായും അധികൃതർ വിലയിരുത്തുന്നു.

പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും നഗരത്തിലെ ശുചിത്വം മെച്ചപ്പെടുത്തുന്നതിനുമാണ് പുതിയ മാർഗനിർദേശങ്ങൾ നടപ്പിലാക്കുന്നതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നിർദേശങ്ങൾ പാലിക്കണമെന്ന് പൊതുജനങ്ങളോടും റെസിഡന്റ്സ് അസോസിയേഷനുകളോടും അധികൃതർ അഭ്യർഥിച്ചിട്ടുണ്ട്.

Related Posts