കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി മുൻ നേതാവും തമിഴ്നാട് ബിജെപി മുൻ അധ്യക്ഷനുമായ കെ. അണ്ണാമലൈ. നീറ്റ് പരീക്ഷയിലെ ആവർത്തിച്ച ചോദ്യപ്പേപ്പർ ചോർച്ചയാണ് വിദ്യാർഥികളെ തെരുവിലിറക്കിയതെന്നും ഇതിന് ഉത്തരവാദികൾ ആരാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്നും അണ്ണാമലൈ എക്‌സിലൂടെ ആവശ്യപ്പെട്ടു.

രാജ്യത്താകെ ഏകീകൃത മെഡിക്കൽ പ്രവേശന പരീക്ഷ തുല്യത ഉറപ്പാക്കുമെന്നും പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് കൂടുതൽ അവസരം ലഭിക്കുമെന്നും കരുതിയാണ് താൻ നീറ്റിനെ പിന്തുണച്ചതെന്ന് അദ്ദേഹം പറഞ്ഞു. മുൻപ് നീറ്റ് പരീക്ഷയെ ശക്തമായി പിന്തുണച്ചിരുന്ന അണ്ണാമലൈ, ബിജെപി വിട്ടശേഷമാണ് ഇക്കാര്യത്തിൽ നിലപാട് മാറ്റിയത്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മൂന്ന് തവണ നീറ്റ് യു.ജി. ചോദ്യപ്പേപ്പർ ചോർന്നത് പരീക്ഷാ സംവിധാനത്തിൻ്റെ വിശ്വാസ്യത തകർത്തുവെന്ന് അണ്ണാമലൈ വിമർശിച്ചു. വീണ്ടും പരീക്ഷ എഴുതേണ്ടി വന്ന വിദ്യാർഥികളുടെ മാനസിക സമ്മർദം ആരും പരിഗണിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദ്യാർഥികൾ അവരുടെ പ്രശ്നങ്ങൾ ഉന്നയിക്കാനാണ് സമരരംഗത്തിറങ്ങിയതെന്നും പ്രതിഷേധക്കാരുമായി ചർച്ച നടത്താൻ കേന്ദ്ര സർക്കാർ ഇത്രയും വൈകുന്നതെന്തിനാണെന്നും അണ്ണാമലൈ ചോദിച്ചു. പ്രതിഷേധം ഇത്രയും ശക്തമായ ശേഷവും സർക്കാർ അർഥവത്തായ ഇടപെടൽ നടത്താത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം വിമർശിച്ചു.

Related Posts