കേരളത്തിൽ നിന്ന് മോഷ്ടിച്ച ചന്ദനത്തടികൾ ബെംഗളൂരുവിൽ വിൽക്കാൻ ശ്രമിച്ച കേസിൽ നാല് മലയാളികളെ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശി വിനു ആൻ്റണി (35), വയനാട് സ്വദേശികളായ അബ്ദുൽ റഹ്മാൻ (45), നാസർ (43), കൊല്ലം സ്വദേശി മുഹമ്മദ് ഷാൻ (36) എന്നിവരാണ് പിടിയിലായത്.

ബെംഗളൂരുവിലെ നാഗർഭാവി എൻജിഇഎഫ് ലേഔട്ടിലെ ഒരു ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇവരിൽ നിന്ന് ഏകദേശം 20.9 ലക്ഷം രൂപ വിലമതിക്കുന്ന 82.61 കിലോഗ്രാം ചന്ദനത്തടികൾ സിസിബി ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

പ്രതികളെ ചോദ്യം ചെയ്തതിനെ തുടർന്ന് നടത്തിയ തുടർ അന്വേഷണത്തിൽ വയനാട്ടിലെ മാനന്തവാടി പാണ്ടിക്കടവിലെ ഒരു വീട്ടിൽ നിന്ന് 35.66 കിലോഗ്രാം ചന്ദനത്തടികളും സിസിബി സംഘം കണ്ടെത്തി. കേരളത്തിൽ നിന്ന് അനധികൃതമായി കടത്തിക്കൊണ്ടുവന്ന ചന്ദനം ബെംഗളൂരുവിൽ വിറ്റഴിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.

അറസ്റ്റിലായ നാലുപേരെയും കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ചന്ദനത്തടികൾ എവിടെ നിന്നാണ് മോഷ്ടിച്ചതെന്നും ഇതിന് പിന്നിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Related Posts