ബെംഗളൂരു നഗരസഭാ തിരഞ്ഞെടുപ്പ് വീണ്ടും വൈകുമോയെന്ന ആശങ്ക ശക്തമാകുന്നു. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിക്ക് (GBA) കീഴിൽ രൂപീകരിച്ച അഞ്ച് പുതിയ നഗരസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബർ 31-നകം നടത്തണമെന്ന് സുപ്രീംകോടതി നിർദേശിച്ച് സമയം നീട്ടിനൽകിയിട്ടും, നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ അനിശ്ചിതത്വം തുടരുകയാണ്.

സംസ്ഥാന സർക്കാരും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും നിലവിൽ പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ (Special Intensive Revision – SIR) നടപടികളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വോട്ടർ പട്ടികയുടെ അന്തിമ പ്രസിദ്ധീകരണം നവംബറിലായിരിക്കുമെന്നതിനാൽ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ വൈകുകയാണ്.

ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ കീഴിൽ അഞ്ച് നഗരസഭകളിലായി 369 വാർഡുകളാണ് രൂപീകരിച്ചിരിക്കുന്നത്. പുതിയ വാർഡ് വിഭജനം, വോട്ടർ പട്ടിക അന്തിമമാക്കൽ, ഭരണപരമായ ക്രമീകരണങ്ങൾ എന്നിവ പൂർത്തിയാക്കിയ ശേഷമേ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ കഴിയൂ എന്നാണ് അധികൃതരുടെ നിലപാട്. തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ കാലാവധി 2020-ൽ അവസാനിച്ച ശേഷം ഇതുവരെ ജനപ്രതിനിധികളില്ലാതെ നഗരഭരണം തുടരുകയാണ്. ഇതിനെതിരെ വ്യാപക വിമർശനങ്ങളും ഉയരുന്നുണ്ട്. അതേസമയം, ഡിസംബർ 31-നകം തിരഞ്ഞെടുപ്പ് നിർബന്ധമായും നടത്തണമെന്നും ഇനി കൂടുതൽ സമയം അനുവദിക്കില്ലെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. നിശ്ചിത സമയപരിധിക്കുള്ളിൽ തിരഞ്ഞെടുപ്പ് പൂർത്തിയാക്കുമെന്ന് കർണാടക സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്.

Related Posts