അമേരിക്കയിലെ കാലിഫോർണിയയിൽ ഉണ്ടായ ദാരുണ വാഹനാപകടത്തിൽ ഹൈദരാബാദ് സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. അമ്മയായ നാസിയ സൽമ, അവരുടെ മകനും മകളും അപകടത്തിൽ മരിച്ചപ്പോൾ, ഭർത്താവ് ഷെയ്ഖ് നവീദ്, ഇളയ മകൾ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. ഹൈദരാബാദിലെ സൈദാബാദ് സ്വദേശിയായ നവീദ് പത്ത് വർഷം മുമ്പാണ് അമേരിക്കയിലേക്ക് കുടിയേറിയത്. ഭാര്യയ്ക്കും മക്കൾക്കുമൊപ്പമുള്ള യാത്രയ്ക്കിടെയായിരുന്നു ദാരുണ സംഭവം.

തിങ്കളാഴ്ച രാത്രി കുടുംബം സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാലിഫോർണിയയിലെ പ്രാദേശിക പൊലീസ് അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റ നവീദിനെയും ഇളയ മകളെയും കാണാനും മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാനുമായി കുടുംബാംഗങ്ങൾക്ക് അമേരിക്കയിലേക്ക് അടിയന്തര വിസ അനുവദിക്കണമെന്ന് നവീദിൻ്റെ പിതാവ് ഷെയ്ഖ് അബ്ദുൾ സയീദ് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോട് അഭ്യർഥിച്ചു.
ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴാണ് അമേരിക്കൻ പൊലീസിൽ നിന്ന് അപകടവിവരം ലഭിച്ചതെന്ന് നവീദിൻ്റെ പിതാവ് അറിയിച്ചു.

Related Posts