ബെംഗളൂരുവിലെ ശിവാജിനഗർ മേഖലയിൽ ഫുട്പാത്ത് കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ എത്തിയ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (GBA) ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടന്ന സംഭവത്തിൽ 10 പേരെ പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിൽ നടപ്പിലാക്കിവരുന്ന ‘സേഫ് ഫുട്പാത്ത് ക്യാമ്പയിൻ’ നടപടികളുടെ ഭാഗമായാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്.
ഫുട്പാത്തിൽ നടത്തിയിരുന്ന അനധികൃത കയ്യേറ്റങ്ങൾ നീക്കം ചെയ്യുന്നതിനിടെ ഒരു സംഘം അക്രമാസക്തരാകുകയും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഗൗതം ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ റോഡിലേക്ക് വലിച്ചിഴച്ച് മർദിക്കുകയുമായിരുന്നു. മറ്റൊരു വനിതാ ഉദ്യോഗസ്ഥയായ റുചിതയ്ക്കു നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ചതായും പോലീസ് അറിയിച്ചു. ട്രാക്ടർ ഡ്രൈവർക്കും എർത്ത്മൂവർ ഓപ്പറേറ്റർക്കും ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നു.
സംഭവത്തിൽ രഞ്ജിത്, ബസവരാജ് ഗൗഡ, കോട്ടറേഷ്, കിരൺ, പരശുരാം, രംഗസ്വാമി ഗൗഡ, ഭാരത്, മുജാഹിദ് അഹമ്മദ്, രഘു, പാർത്തിബൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതിയായ ബസവരാജ് പുടുകോട്ടെയെ കണ്ടെത്താൻ രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചതായും, ഇയാൾക്കെതിരെ ഗുണ്ടാ നിയമം ഉൾപ്പെടെയുള്ള കർശന വകുപ്പുകൾ ചുമത്തുമെന്നും പോലീസ് അറിയിച്ചു. ആക്രമണത്തിൽ പങ്കെടുത്തവർക്കെതിരെ വധശ്രമക്കുറ്റവും ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
സംഭവത്തെ ശക്തമായി അപലപിച്ച ബെംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരേ ഗൗഡ, നിയമാനുസൃതമായി ജോലി ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പോലീസിന് നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു. ബെംഗളൂരു പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിങ്ങും പ്രതികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.
ജൂലൈ 1 മുതൽ ആരംഭിച്ച ‘സേഫ് ഫുട്പാത്ത് ക്യാമ്പയിൻ’ വഴി നഗരത്തിലെ നൂറുകണക്കിന് കിലോമീറ്റർ ഫുട്പാത്തുകളിൽ നിന്നുള്ള കയ്യേറ്റങ്ങൾ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ഇതിനോടകം നീക്കം ചെയ്തിട്ടുണ്ട്. കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുകയെന്നതാണ് ഈ പ്രത്യേക ഡ്രൈവിൻ്റെ പ്രധാന ലക്ഷ്യം.