കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് നിരാഹാര സമരം തുടരുന്ന സാമൂഹ്യപ്രവർത്തകൻ സോനം വാംഗ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതി അനുമതി നൽകി. അദ്ദേഹത്തെ ഏത് ആശുപത്രിയിലേക്ക് മാറ്റുന്നതിനും തടസ്സമില്ലെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചതോടെയാണ് ഉത്തരവ്. ഇതിൻ്റെ അടിസ്ഥാനത്തിൽ സോനത്തെ മെഡാന്ത ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം പ്രതിഷേധവേദിയിൽ നിന്ന് പൊലീസ് ബലമായി സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് ചികിത്സാ സാഹചര്യങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഭാര്യ ഗീതാഞ്ജലി ആംഗ്മോ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയുടെ അനുകൂല ഉത്തരവിനെ തുടർന്ന് അവർ നന്ദി അറിയിച്ചു.

അതേസമയം, ജന്തർ മന്തറിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് 70 പേരെ കസ്റ്റഡിയിലെടുത്തു. പ്രതിഷേധക്കാരെ സമരവേദിയിൽ നിന്ന് നീക്കിയെങ്കിലും പിന്നീട് അവർ വീണ്ടും ഒത്തുകൂടി സമരം തുടർന്നു.

അഭിജിത് ദീപ്കെയുടെ നേതൃത്വത്തിൽ പാർലമെന്റിലേക്ക് വീണ്ടും മാർച്ച് സംഘടിപ്പിക്കുമെന്ന് കോക്രോച്ച് ജനത പാർട്ടി (CJP) അറിയിച്ചു. മാർച്ചിൻ്റെ തീയതിയും തുടർ സമരപരിപാടികളും ഉടൻ പ്രഖ്യാപിക്കുമെന്നും നേതൃത്വം വ്യക്തമാക്കി.

Related Posts