തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കെതിരെ നടത്തിയ വിവാദ പ്രസംഗത്തെ തുടർന്ന് ഡിഎംകെ എംഎൽഎ മാർക്കണ്ഡേയനെ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. വിളാത്തുകുളം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മാർക്കണ്ഡേയനെ ഇന്ന് പുലർച്ചെ വീട്ടിലെത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
രണ്ടുദിവസം മുൻപ് കോവിൽപട്ടിയിൽ നടന്ന പൊതുയോഗത്തിലെ പ്രസംഗവുമായി ബന്ധപ്പെട്ടാണ് നടപടി. പ്രസംഗത്തിനിടെ മുഖ്യമന്ത്രി വിജയിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ച മാർക്കണ്ഡേയൻ, “ഇന്ത്യയുടെ ചരിത്രത്തിൽ ഇത്രയും മോശമായ ഒരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ല” എന്നടക്കമുള്ള പരാമർശങ്ങൾ നടത്തിയിരുന്നു.
കരൂരിലെ ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന പരാതിയും ഉയർന്നു. ഇതിനെതിരെ ടിവികെ (TVK) തൂത്തുക്കുടി നോർത്ത് ജില്ലാ സെക്രട്ടറി ബാലസുബ്രഹ്മണ്യൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ലാ ക്രൈംബ്രാഞ്ച് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
സംഭവം തമിഴ്നാട്ടിലെ രാഷ്ട്രീയരംഗത്ത് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. എംഎൽഎയുടെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയപ്പോൾ, നിയമനടപടിയുടെ ഭാഗമായാണ് അറസ്റ്റെന്നാണ് പൊലീസ് വിശദീകരണം.