പരീക്ഷാ ക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഇന്ന് പാർലമെന്റിലേക്ക് മാർച്ച് നടത്തും. എന്നാൽ മാർച്ചിന് ഡൽഹി പൊലീസ് അനുമതി നൽകിയിട്ടില്ല.
പാർലമെന്റിൻ്റെ വർഷകാല സമ്മേളനം ഇന്ന് ആരംഭിക്കുന്ന സാഹചര്യത്തിലാണ് മാർച്ചിന് അനുമതി നിഷേധിച്ചത്. പ്രതിഷേധക്കാർ നിലവിൽ സമരം നടത്തുന്ന ജന്തർ മന്തറിൽ തന്നെ മാർച്ച് തടയാനാണ് പൊലീസിൻ്റെ തീരുമാനം. ഇതിൻ്റെ ഭാഗമായി ജന്തർ മന്തർ ഉൾപ്പെടെയുള്ള മേഖലകളിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
സിജെപി നേതാവ് വാങ്ചുക്കിനെ ശനിയാഴ്ച ആശുപത്രിയിലേക്ക് മാറ്റിയതിനെ തുടർന്ന് ജന്തർ മന്തറിലെ സമരം കൂടുതൽ ശക്തമായിട്ടുണ്ട്. സിജെപിക്കൊപ്പം വിദ്യാർഥി സംഘടനകളായ ഐസ, എസ്.എഫ്.ഐ, എ.ഐ.വൈ.എഫ് തുടങ്ങിയവയും പ്രതിഷേധത്തിൽ പങ്കുചേർന്നിട്ടുണ്ട്.
ഇന്ന് രാവിലെ 11ന് പാർലമെന്റിൻ്റെ വർഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായാണ് മാർച്ച് സംഘടിപ്പിക്കാൻ സിജെപി തീരുമാനിച്ചത്. കഴിഞ്ഞ ജൂൺ 20 മുതൽ ജന്തർ മന്തറിൽ തുടരുന്ന പ്രതിഷേധം രാജ്യവ്യാപക ശ്രദ്ധ നേടിയിരുന്നു. മാർച്ചിന് അനുമതി നിഷേധിച്ചിട്ടും പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് സിജെപിയുടെ നിലപാട്.