പാർലമെന്റിൻ്റെ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി വിളിച്ച സർവകക്ഷി യോഗം പ്രതിപക്ഷം പ്രതീകാത്മകമായി ബഹിഷ്‌കരിച്ചു. പ്രതിഷേധം രേഖപ്പെടുത്തിയതിന് ശേഷം പ്രതിപക്ഷ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.

മമത ബാനർജിയുടെ പാർട്ടിയിലെ വിമത എംപിമാർ ഉൾപ്പെട്ട നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ (എൻസിപിഐ)യെ സർവകക്ഷി യോഗത്തിലേക്ക് ക്ഷണിച്ചതാണ് പ്രതിപക്ഷത്തിൻ്റെ പ്രതിഷേധത്തിന് കാരണം. പാർലമെന്റിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഈ പാർട്ടിയുടെ പേര് ഇല്ലെന്നും ബന്ധപ്പെട്ട എംപിമാരെ ഇപ്പോഴും തൃണമൂൽ കോൺഗ്രസ് അംഗങ്ങളായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

നാളെ ആരംഭിക്കുന്ന പാർലമെന്റിൻ്റെ മൺസൂൺ സമ്മേളനത്തിൽ കേന്ദ്ര സർക്കാരിനെ വിവിധ വിഷയങ്ങളിൽ ശക്തമായി നേരിടാനാണ് പ്രതിപക്ഷത്തിൻ്റെ തീരുമാനം. അതേസമയം, കൂറുമാറിയ അംഗങ്ങളുടെയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട രാജ്യസഭാംഗങ്ങളുടെയും പിന്തുണയോടെ എൻഡിഎ പാർലമെന്റിൽ അംഗബലം വർധിപ്പിച്ചിരിക്കുകയാണ്. തൃണമൂൽ കോൺഗ്രസിലെ വിമതരും ഉദ്ധവ് താക്കറെ വിഭാഗം ശിവസേനയിലെയും ആം ആദ്മി പാർട്ടിയിലെയും ചില എംപിമാരും നിലവിൽ എൻഡിഎയെ പിന്തുണയ്ക്കുന്നുണ്ട്.

Related Posts