ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ രാത്രിയിലുടനീളം പെയ്ത കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ വ്യാപക നാശനഷ്ടം. നദികൾ കരകവിഞ്ഞതോടെ ടൗണിന്റെ മിക്ക ഭാഗങ്ങളും വെള്ളത്തിനടിയിലായി. ദുരന്തത്തിൽ ഇതുവരെ നാല് പേർ മരിച്ചതായി അധികൃതർ അറിയിച്ചു.
താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് നൂറുകണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. പുതിയ ബസ് സ്റ്റാൻഡ് ഉൾപ്പെടെ ടൗണിലെ നിരവധി ഭാഗങ്ങൾ വെള്ളത്തിൽ മുങ്ങി. നിരവധി വാഹനങ്ങൾ ഒഴുക്കിൽപ്പെട്ടതായും മുങ്ങിപ്പോയതായും റിപ്പോർട്ടുണ്ട്.
ഒറ്റപ്പെട്ട കുടുംബങ്ങളെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തകർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിവരികയാണ്. മഴക്കെടുതിയിലുണ്ടായ നാശനഷ്ടങ്ങളുടെ വിലയിരുത്തൽ തുടരുകയാണ്. മിന്നൽ പ്രളയം പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും അടിസ്ഥാന സൗകര്യങ്ങൾക്ക് വ്യാപക നാശം വിതച്ചതായി കോൺഗ്രസ് എംഎൽഎ ഇഫ്തിക്കാർ അഹമ്മദ് പറഞ്ഞു.