ഗുജറാത്തിലെ അഹമ്മദാബാദിൽ പ്രവർത്തിച്ചിരുന്ന പടക്ക നിർമാണശാലയിൽ ഉണ്ടായ ശക്തമായ സ്ഫോടനത്തിൽ എട്ട് പേർ മരിച്ചു. അപകടത്തിൽ ഒമ്പത് പേർക്ക് ഗുരുതരമായി പരിക്കേറ്റതായി അധികൃതർ അറിയിച്ചു.
അഹമ്മദാബാദിലെ വസ്ത്രാൽ മേഖലയിലെ ‘ടാലന്റ് ഫയർവർക്ക്സ്’ എന്ന പടക്ക നിർമാണ യൂണിറ്റിലാണ് ശനിയാഴ്ച വൈകിട്ട് മൂന്നരയോടെ അപകടമുണ്ടായത്. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ കെട്ടിടത്തിൻ്റെ ഭാഗങ്ങൾ തകർന്നുവീഴുകയും നിരവധി തൊഴിലാളികൾ കുടുങ്ങുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.
വിവരം ലഭിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേനയും ദുരന്തനിവാരണ സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ സമീപത്തെ സിവിൽ ആശുപത്രിയിലും എൽ.ജി. ആശുപത്രിയിലും പ്രവേശിപ്പിച്ച് ചികിത്സ തുടരുകയാണ്.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് രണ്ടുലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
സ്ഫോടനത്തിൻ്റെ കാരണം കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.