കേരളത്തിലേക്കുള്ള ആദ്യ ഫ്ലൈ ബസ് സർവീസുമായി കർണാടക ആർടിസി. ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തെയും കോഴിക്കോട് നഗരത്തെയും ബന്ധിപ്പിക്കുന്ന പുതിയ പ്രതിദിന സർവീസ് ഇന്ന് മുതൽ ആരംഭിക്കും. കേരളത്തിലേക്കുള്ള കർണാടക ആർടിസിയുടെ ആദ്യ ഫ്ലൈ ബസ് എന്ന പ്രത്യേകതയും ഈ സർവീസിനുണ്ട്. ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് നേരിട്ട് മലബാറിലേക്ക് യാത്ര ചെയ്യാൻ കഴിയുന്നതിനാൽ പ്രവാസികൾക്കും വിമാനയാത്രക്കാർക്കും പുതിയ സർവീസ് ഏറെ ആശ്വാസമാകും. ബെംഗളൂരു–കോഴിക്കോട് യാത്രയുടെ ടിക്കറ്റ് നിരക്ക് 1,550 രൂപയാണ്.

41 സീറ്റുകളുള്ള സെമി സ്ലീപ്പർ എസി ബസാണ് സർവീസിന് ഉപയോഗിക്കുന്നത്. വിമാനത്താവളത്തിലെ ടെർമിനൽ-1ൽ നിന്ന് രാത്രി 10.45ന് പുറപ്പെടുന്ന ബസ് ടെർമിനൽ-2ലും യാത്രക്കാരെ കയറ്റിയ ശേഷം യാത്ര തുടരും. മൈസൂരു, ഹുൻസൂർ, ഗോണികോപ്പ, കുട്ട, മാനന്തവാടി, കൽപറ്റ, താമരശ്ശേരി എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് രാവിലെ 7.15ന് കോഴിക്കോട് എത്തും. കോഴിക്കോട് നിന്ന് രാത്രി 7.30ന് മടക്കയാത്ര ആരംഭിക്കുന്ന ബസ് പിറ്റേന്ന് പുലർച്ചെ 5.15ന് ബെംഗളൂരു വിമാനത്താവളത്തിലെത്തും. നയന്ദഹള്ളി മെട്രോ സ്റ്റേഷനിലും ബസിന് സ്റ്റോപ്പ് ഒരുക്കിയിട്ടുണ്ട്.

നിലവിൽ വിമാനത്താവളത്തിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്കോ നഗരത്തിലേക്കോ എത്താൻ ഗതാഗതക്കുരുക്കിൽ മണിക്കൂറുകൾ ചെലവഴിക്കേണ്ടി വരുന്ന സാഹചര്യത്തിൽ, ഈ ഫ്ലൈ ബസ് സമയം ലാഭിക്കുന്ന മികച്ച ബദലായിരിക്കും. ടിക്കറ്റുകൾ www.ksrtc.in വഴി ഓൺലൈനായി ബുക്ക് ചെയ്യാമെന്ന് കർണാടക ആർടിസി അറിയിച്ചു.

Related Posts