ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒയിൽ നിന്ന് കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ 120-ഓളം ശാസ്ത്രജ്ഞർ രാജിവെച്ചതായോ സ്വയം വിരമിച്ചതായോ റിപ്പോർട്ടുകൾ. ഇതോടെ നിർണായക പദ്ധതികളിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരുടെ രാജിയും വിആർഎസും സംബന്ധിച്ച നിബന്ധനകൾ കേന്ദ്ര ബഹിരാകാശ വകുപ്പ് കൂടുതൽ കർശനമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഗഗൻയാൻ ഉൾപ്പെടെയുള്ള സുപ്രധാന ബഹിരാകാശ ദൗത്യങ്ങളിൽ പങ്കെടുത്ത ശാസ്ത്രജ്ഞരാണ് രാജിവെച്ചവരിൽ പലരുമെന്നാണ് റിപ്പോർട്ട്. ബെംഗളൂരുവിലെ യു.ആർ. റാവു സാറ്റലൈറ്റ് സെന്ററിൽ നിന്ന് മാത്രം ഏകദേശം 80 പേർ സ്ഥാപനത്തിൽ നിന്ന് പിന്മാറിയതായും തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററിൽ (വി.എസ്.എസ്.സി.) നിന്ന് 20-ഓളം ശാസ്ത്രജ്ഞർ രാജിവെച്ചതായും പറയുന്നു. വരും മാസങ്ങളിൽ കൂടുതൽ പേർ ജോലി വിടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

എൽവിഎം-3, സ്പാഡെക്സ്, ചന്ദ്രയാൻ-3 തുടങ്ങിയ നിർണായക പദ്ധതികളുടെ പ്രോജക്ട് ഡയറക്ടർമാർ ഉൾപ്പെടെ നിരവധി മുതിർന്ന ശാസ്ത്രജ്ഞർ അടുത്തിടെ സ്ഥാപനത്തിൽ നിന്ന് പിന്മാറിയതായാണ് റിപ്പോർട്ടുകൾ. ഇതിൻ്റെ പശ്ചാത്തലത്തിൽ ഗ്രൂപ്പ് ‘എ’ വിഭാഗത്തിലെ ശാസ്ത്രജ്ഞർ രാജിവെക്കുന്നതിനും സ്വയം വിരമിക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ കേന്ദ്ര ബഹിരാകാശ വകുപ്പ് കൂടുതൽ കർശനമാക്കിയതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Related Posts