എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ തന്നെ ഫോണിൽ ബന്ധപ്പെട്ട് കൂടിക്കാഴ്ച ആവശ്യപ്പെട്ടിരുന്നുവെന്നും, പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.
ബജറ്റ് തയ്യാറാക്കുന്നതിനിടെയായിരുന്നതിനാൽ സുകുമാരൻ നായർ വിളിച്ചപ്പോൾ തൻ്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുടർന്ന് പ്രൈവറ്റ് സെക്രട്ടറിയുടെ ഫോണിലൂടെ അദ്ദേഹവുമായി സംസാരിച്ചിരുന്നുവെന്നും, ചില കാര്യങ്ങൾ നേരിട്ട് പറയാനുണ്ടെന്നും കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതായും, അതിന് താൻ അനുകൂലമായ മറുപടി നൽകിയതായും മുഖ്യമന്ത്രി വിശദീകരിച്ചു.
എന്നാൽ രണ്ടോ മൂന്നോ ദിവസങ്ങൾക്ക് ശേഷം തന്നെ കാണാൻ അനുമതി നൽകിയില്ലെന്ന വാർത്തയാണ് പുറത്തുവന്നതെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, അത്തരമൊരു ആരോപണം സുകുമാരൻ നായർ തന്നെയാണോ ഉന്നയിച്ചതെന്ന് അറിയില്ലെന്നും പറഞ്ഞു.
തന്നെ കാണാൻ എത്തുന്ന ആരെയും വിലക്കാറില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തുഷാർ വെള്ളാപ്പള്ളി വീട്ടിലെത്തി അഭിനന്ദിച്ചതും, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേരിട്ട് കണ്ട് മണ്ഡലവുമായി ബന്ധപ്പെട്ട വിഷയങ്ങൾ അവതരിപ്പിച്ചതും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.
ബിഷപ്പുമാർ, സമസ്ത നേതാക്കൾ ഉൾപ്പെടെ വിവിധ മതനേതാക്കൾ സ്ഥിരമായി തന്നെ കാണാൻ എത്താറുണ്ടെന്നും, അവരുടെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങളാണ് കൂടുതലായും ഉന്നയിക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയെ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഫോൺ പോലും എടുത്തില്ലെന്ന ജി. സുകുമാരൻ നായരുടെ വിമർശനത്തിനുള്ള മറുപടിയായാണ് വി.ഡി. സതീശൻ്റെ ഈ പ്രതികരണം.