കർണാടകയിൽ രാജ്യത്തെ ആദ്യ സർക്കാർ നിയന്ത്രിത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സർവകലാശാല സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രഖ്യാപിച്ചു. ബെംഗളൂരു ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ നടന്ന ഗൂഗിൾ ഐ.ഒ.(ഇൻപുട്ട്-ഔട്ട്പുട്ട്)കണക്ട് ഇന്ത്യ- 2026 സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് പ്രഖ്യാപനം. സർവകലാശാലയുടെ ശിലാസ്ഥാപനം ഉടൻ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
ബെംഗളൂരുവിനടുത്തുള്ള ബിഡദി സ്മാർട്ട് സിറ്റിയിൽ 100 ഏക്കർ വിസ്തൃതിയിലുള്ള ലോകോത്തര ക്യാമ്പസായാണ് സർവകലാശാല ഒരുങ്ങുന്നത്. കലബുറഗി, ബെളഗാവി, ഹുബ്ബള്ളി, മംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ പ്രാദേശിക കേന്ദ്രങ്ങളും സ്ഥാപിക്കും. എഐ വിദ്യാഭ്യാസം, ഗവേഷണം, നവീകരണം, സംരംഭകത്വം എന്നിവയ്ക്കുള്ള മികവിൻ്റെ കേന്ദ്രമായി സർവകലാശാലയെ വികസിപ്പിക്കുകയാണ് ലക്ഷ്യം.
ലോകത്തിലെ മികച്ച അഞ്ച് എഐ നഗരങ്ങളിലൊന്നായി ബെംഗളൂരു വളർന്നിട്ടുണ്ടെന്നും ഇന്ത്യയിലെ 40 ശതമാനം യൂണികോൺ സ്റ്റാർട്ടപ്പുകളും ഇവിടെ നിന്നാണെന്നും ശിവകുമാർ ചൂണ്ടിക്കാട്ടി. കർണാടകത്തെ ഇന്ത്യയുടെ എഐ തലസ്ഥാനമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഗൂഗിളിൻ്റെ ഏറ്റവും വലിയ ഗവേഷണ-നവീകരണ കേന്ദ്രമാക്കി സംസ്ഥാനത്തെ മാറ്റാൻ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.